കാസര്‍കോട് (www.evisionnews.co): ചെര്‍ക്കള പോലീസിന്റെ നിരന്തര പീഡനം മൂലം വളണ്ടിയര്‍മാര്‍ക്ക് എത്താന് സാധിക്കാത്തതിനാല്‍ ചെങ്കള പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ നിര്‍ത്തിവെക്കുകയാണെന്ന് പ്രസിഡന്റ് ഷാഹിന സലീം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഏകദേശം 7000ത്തോളം പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നുദിവസം മാത്രം 3660 പേര്‍ക്കാണ് ചെങ്കള പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം വിതരണം ചെയ്തത്. ചെര്‍ക്കളയില്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഐമാക്‌സ് ഓഡിറ്റോറിയത്തിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ഒരുക്കിയിട്ടുള്ളത്. ഇവിടെ നിന്നും പഞ്ചായത്തിലെ 23 വാര്‍ഡുകളിലേക്കും ഭക്ഷണം എത്തിക്കുന്നത് പ്രത്യേകം തെരഞ്ഞെടുത്ത് പാസ് നല്‍കിയിട്ടുള്ള വളണ്ടിയര്‍മാരാണ്.
കോവിഡ് ഭീതി മൂലം 10 പേര്‍ക്ക് മാത്രമാണ് പഞ്ചായത്ത് വളണ്ടിയര്‍ പാസ് നല്‍കിയിട്ടുള്ളത്. ഭക്ഷണം പാക്ക് ചെയ്യുന്നതിനും സമയത്ത് വിതരണം ചെയ്യുന്നതിനും അതിരാവിലെ മുതല്‍ ഇവര്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം കഠിനാധ്വാനം ചെയ്യുകയാണ്. ഇതിന് പുറമെ രോഗികള്‍ക്ക് മെഡിസിന് എത്തിക്കല്‍, രജിസ്‌ട്രേഷന്‍ തുടങ്ങിയ മറ്റു ജോലികളുമുണ്ട്.
എന്നാല്‍ പഞ്ചായത്തും ജില്ലാ ഭരണകൂടവും നല്കിയ വളണ്ടിയര് പാസ്സും ട്രാവല് പെര്മിറ്റും ഉണ്ടായിരുന്നിട്ട് കൂടി വിവിധ ഇടങ്ങളില്‍ പോലീസ് ഇവരെ തടയുകയും തെറി പറയുകയും അറസ്റ്റ് ചെയ്യുന്നതിന് തുനിയുകയും ചെയ്യുകയാണ്. അതിരാവിലെ സ്വന്തം വാഹനത്തില്‍ സ്വന്തം കയ്യില് നിന്നും കാശ് മുടക്കി പെട്രോളടിച്ച് ചെലവ് ചെയ്താണ് ഇവര്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്. ഇവര്‍ക്ക് യാതൊരുവിധ പ്രതിഫലവും സര്‍ക്കാര്‍ നല്‍കുന്നില്ല. ഏറെ ത്യാഗം സഹിച്ച് ചെയ്യുന്ന ജോലിക്കിടെ പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പ്രവൃത്തികള് ഇവരെ മാനസികമായി തളര്‍ത്തുകയാണ്..
ഇവരെ തടഞ്ഞുവച്ച് വാഹനം പിടിച്ചടക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്യുന്നത് ചില പോലീസുകാര്ക്ക് ഹോബിയാണ്. പോലീസിന്റെ നിരന്തരമായുള്ള പീഡനം മൂലം സേവനം നടത്തുന്നതിന് വളണ്ടിയര്‍മാര്‍ വിമുഖത കാണിക്കുന്നു. ജനപ്രതിനിധികള്‍ക്ക് ദിവസവും പോലീസ് സ്റ്റേഷന് കയറിയിറങ്ങി വിശദീകരണം നടത്താന് നിലവിലെ അവസ്ഥയില് സാധിക്കുന്ന കാര്യമല്ല. ഈ ഒരവസ്ഥയില്‍ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണ് സംവിധാനം നിര്‍ത്തി വെക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗമായ പോലീസിനോട് എല്ലാ ദിവസവും തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല. കമ്മ്യൂണിറ്റി കിച്ചന്റെ ചുമതല കൂടി പോലീസ് ഏറ്റെടുത്ത് നടത്തട്ടെ എന്നും ഷാഹിന സലീം അറിയിച്ചു.

Post a Comment
0 Comments