കാസര്‍കോട് (www.evisionnews.co): അതിര്‍ത്തി റോഡുകള്‍ തുറക്കണമെന്ന ഹൈക്കോടതി ഉത്തരവ് കാസര്‍കോട്ടുകാര്‍ക്ക് ആശ്വാസമായി. ഇന്നലെ രാത്രിയോടെയാണ് കര്‍ണാടകയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയിലെ നിയന്ത്രണത്തില്‍ നേരിയ ഇളവു വരുത്തി. രോഗികള്‍ക്ക് ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇനി മംഗളൂരുവിലേക്ക് പോകാം. അതിര്‍ത്തിയില്‍ കര്‍ണാടക നിയോഗിച്ച ഡോക്ടറുടെ സമ്മത പത്രത്തോടെ രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടാനാണ് പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. രോഗിയെ പരിശോധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സ നടത്തല്‍ അനിവാര്യമാണെങ്കില്‍ മാത്രം കടത്തിവിടും. അല്ലാത്ത പക്ഷം തിരിച്ചയക്കാനാണ് നിര്‍ദേശം. അതേസമയം കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്താനും കര്‍ശന നിര്‍ദേശമുണ്ട്. രോഗിയുടെ കൂടെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് പുറമെ ഒരു അടുത്ത ബന്ധുവിനെയും കടത്തിവിടും. അതേസമയം കാല്‍നട യാത്രക്കാരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. ചരക്കുലോറിയും കര്‍ശന പരിശോധനക്ക് വിധേയമാക്കിയാണ് കടത്തിവിടുന്നത്. ലോറിയില്‍ കിളിയും ഡ്രൈവറുമല്ലാതെ മറ്റാരെങ്കിലും ഉണ്ടോ എന്ന് ഉറപ്പുവരുത്താനാണ് പരിശോധന.

Post a Comment
0 Comments