അതിരുകൾ കർണ്ണാടക മണ്ണിട്ടുയർത്തിയതോടെ ചികിത്സയ്ക്ക് മംഗലാപുരത്തെത്താനാകാതെ ഇതു വരെ 10 രോഗികളാണ് മരണപ്പെട്ടത്..! ഇനിയും കൂടിയേക്കാം. കേരളത്തിലെ നാളിതുവരെയുള്ള കോവിഡ് മരണങ്ങളേക്കാൾ അഞ്ചിരട്ടി. വേറൊരു തരത്തിൽ കോവിഡ് കാരണം മരണപ്പെട്ടവർ ഒരു ഭാഗത്ത്, കാസർഗോഡ് നല്ല ആശുപത്രികൾ ഇല്ലാത്തത് കാരണം മരണപ്പെട്ടവർ മറ്റൊരു ഭാഗത്ത്....!
ഇത്രയും കാലം രാജ്യങ്ങളുടെ അതിരുകളായിരുന്നു നമ്മളറിഞ്ഞിരുന്നത്. ഇപ്പോൾ രാജ്യത്തിൻ്റെ ഉള്ളതിരുകൾ അടുത്തനുഭവിക്കുന്നു.
കാസർഗോട്ടെ 10 മരണങ്ങൾ വെറും വാർത്തകളായി ചുരുങ്ങിപ്പോകുന്നതെന്താണ്...? (www.evisionnews.co)ഉത്തരം ഒന്നേയുള്ളൂ, കാസർഗോഡ് ആയതുകൊണ്ട്. ഗോഡ്സ് ഓൺ കൺട്രിയിൽ ഗോഡ് പേരിൽ വന്നു നിൽക്കുന്ന ഒരേയൊരു ജില്ലയേ ഉള്ളൂ, കാസർഗോഡ്. എന്നാലോ ദൈവം പോലും തിരിഞ്ഞു നോക്കുന്നില്ല.
ഇന്ത്യയിൽ ആരോഗ്യരംഗത്ത് ഒന്നാമത് നിൽക്കുന്ന (ലോകത്തിന് തന്നെ മാതൃക എന്ന് പറയപ്പെടുന്ന) കേരളത്തിലെ വടക്കേയറ്റത്തെ ജില്ല പരിമിതമായ ആരോഗ്യ പരിപാലനത്തിൽ വീർപ്പുമുട്ടുന്നതിൻ്റെ കാരണവും കാസർഗോഡ് ആയത് കൊണ്ടുതന്നെ. കാസർഗോഡിന് അത്ര മതി. അത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അത്ര തൊഴിൽ സാഹചര്യങ്ങൾ, അത്ര വികസനം, അത്ര ആശുപത്രി. അത്ര മതി. അത്ര തന്നെ.
എല്ലാക്കാലത്തും അതങ്ങനെയായിരുന്നു. (www.evisionnews.co)സർക്കാർ തലത്തിൽ ചൂണ്ടിക്കാണിക്കാൻ തോന്നുന്ന നല്ല ആശുപത്രി ഇവിടെയില്ല. (കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയാണ് ഒരപവാദം) അത്യാധുനിക സൗകര്യങ്ങൾ തീരെക്കുറവ്. ജീവനക്കാർ പരിമിതം. സ്വകാര്യ ആശുപത്രികളുടെ കാര്യവും തഥൈവ. എന്തെങ്കിലും കോംപ്ലിക്കേറ്റഡ് കേസാണെങ്കിൽ അപ്പോൾ മംഗലാപുരത്തേക്ക് വിടുന്ന ആശുപത്രികളാണ് ഭൂരിഭാഗവും. ജലദോഷപ്പനിക്കും പ്രസവത്തിനും മരിക്കാനും മാത്രം കൊള്ളാവുന്ന ആശുപത്രികൾ. മികച്ച ഡോക്ടർമാർ കുറവ്. (ശാന്താറാം ഷെട്ടിയെന്ന വിദഗ്ദ്ധനായ എല്ലിൻ്റെ ഡോക്ടറുടെ പേര് മാത്രം കാരണം മംഗലാപുരത്ത് പോകുന്നവരുണ്ട്.) കഴിവ് തെളിയിച്ചവർ വിദേശങ്ങളിലും മംഗലാപുരത്തും കാസർഗോഡിന് പുറത്തുള്ള ജില്ലകളിലും നല്ല ശമ്പളത്തിൽ സുഖ സുന്ദരമായി പണിയെടുക്കുന്നു. സർക്കാർ ചെലവിൽ പഠിച്ചവരും സർക്കാർ ഡോക്ടർമാരായി സേവനമനുഷ്ഠിക്കാൻ തയ്യാറാവുന്നില്ല. (ഇവിടെയാണ് ക്യൂബ മാതൃകയാവുന്നത്.) അപ്പോൾ പിന്നെ കാസർഗോട്ടുകാർ ഏഴ് മെഡിക്കൽ കോളേജുകളുള്ള മംഗലാപുരത്ത് പോകാതിരിക്കുന്നതെങ്ങെനെ..?
അഥവാ കാസർഗോഡ് നല്ല ആശുപത്രികൾ തുടങ്ങിയാൽ തന്നെ തുരങ്കം വെയ്ക്കാൻ മംഗലാപുരത്ത് (www.evisionnews.co)നിന്ന് ലോബികളുണ്ട്. അതിൻ്റെ ഇടനിലക്കാരായി കാസർഗോട്ടെ തന്നെ രാഷ്ട്രീയ-വ്യവസായിക രംഗത്തെ പലരും നിൽക്കുന്നുണ്ട്. എട്ട് വർഷം മുൻപ് അനുവദിക്കപ്പെട്ട മെഡിക്കൽ കോളേജാണ് , കൊറോണ വേണ്ടി വന്നു,തുറക്കാൻ. സത്യസായി ട്രസ്റ്റ് വൻകിട ആശുപത്രി കാസർഗോഡ് തുടങ്ങാൻ പ്ലാനിട്ടിരുന്നു, മംഗലാപുരം ലോബി വഴി മുടക്കി. ഇതൊന്നും അത്രമേൽ ഗൗരവത്തിൽ കേരളത്തിലെ പൊതു സമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉൾക്കൊള്ളാത്തതിന് ഒരേയൊരു ഉത്തരമേയുളളൂ, കാസർഗോഡ്. പുത്തൻ പണം സിനിമയിൽ മമ്മൂക്കക്ക് വേണ്ടി ഞാനെഴുതിയ ഡയലോഗാണ് ആത്യന്തികമായ സത്യം; 'ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും രാഷ്ട്രീയ പാർട്ടികൾക്ക് ജാഥ തുടങ്ങാനുമേ വേണ്ടൂ കാസർഗോഡ്' (പ്രളയ കാലത്ത് കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന് ഡോക്ടറെ എറണാകുളത്ത് നിന്ന് സ്ഥലം മാറ്റിയത് കാസർഗോട്ടേക്കായിരുന്നു..!)
ഈ പത്ത് മരണങ്ങൾ കാസർഗോഡിന് പുറത്തുള്ള ഏതെങ്കിലും ജില്ലയിൽ സംഭവിച്ചിരുന്നെങ്കിൽ ഇത്ര ലാഘവത്തിൽ കാണുമായിരുന്നോ? (www.evisionnews.co) എൻഡോസൾഫാൻ വിഷയത്തിൽ കേരളം ഇന്നും മര്യാദക്ക് ഇടപെടാത്തത് എന്തുകൊണ്ടാണ്? അത് കാസർഗോഡ് ആയതു കൊണ്ട് എന്ന് തന്നെയാണുത്തരം. ദുരന്തബാധിതർ ദുരിതാശ്വാസത്തിനും ഉപജീവനത്തിനുമായി രോഗികളെയും കൊണ്ട് കലക്ടറേറ്റിലും സെക്രട്ടറിയേറ്റിലും നിവേദനങ്ങളും സമരങ്ങളുമായി ഇപ്പോഴും നടക്കുകയാണ്. വേറെതെങ്കിലും ജില്ലയിലായിരുന്നു അത് സംഭവിച്ചതെങ്കിൽ കേരളം കത്തിയേനെ..
സ്ഥലം മാറ്റാനും ജാഥ തുടങ്ങാനും മാത്രമല്ല മറ്റ് ജില്ലക്കാർക്ക് പി എസ് സി ജോലി കിട്ടാനും കാസർഗോഡ് വേണം. പി എസ് സി ക്ക് കാസർഗോഡ് ഓപ്ഷൻ കൊടുക്കുന്ന മറ്റ് ജില്ലക്കാർ ഏറും. ‘(www.evisionnews.co)കാസർഗോഡ് പഠിപ്പും വിവരവുമുള്ളവർ കുറവാണല്ലോ, ജോലി വേഗം കിട്ടും’ എന്ന മനഃസ്ഥിതി. കിട്ടിക്കഴിഞ്ഞാലോ, ‘എങ്ങനെ ഈ നാട്ടിൽ ജീവിക്കും, എനിക്ക് വയ്യ ഊവ്വേ..’ തുടങ്ങിയ നിലവിളി ശബ്ദങ്ങളുമായി ലീവെടുക്കാനും ട്രാൻസ്ഫർ വാങ്ങാനും ഓടുകയായി. അവർ അവരുടെ വഴിക്കും ജോലി പെരുവഴിക്കുമാവും. (എല്ലാവരും അങ്ങനെ എന്നതിനർത്ഥമില്ല). പി എസ് സി കിട്ടും വരെ കാസർഗോഡ് ‘ആഹ..’ കിട്ടിക്കഴിഞ്ഞാൽ ‘ഓഹോ..’
പറഞ്ഞുവന്നത് ഇത്രയേയുള്ളു, നാട് നന്നാവണമെങ്കിൽ നാട്ടുകാർ വിചാരിക്കണം. സപ്ത ഭാഷ സംഗമഭൂമി എന്ന് കേൾക്കാനൊക്കെ കൊള്ളാം. ഇങ്ങനെയൊക്കെ മതിയെന്നാണെങ്കിൽ ഇത് ഇങ്ങനെ തന്നെ കാലങ്ങളോളം പോകും. മാറ്റം വേണമെന്ന് കാസർഗ്ഗോഡുകാർ വിചാരിക്കണം. ഇവിടുത്തെ രാഷ്ട്രീയ- സാമൂഹിക നേതാക്കളെ കൊണ്ട് വിചാരിപ്പിക്കണം. നല്ല വിദ്യാഭാസ സ്ഥാപനങ്ങൾ ഉയർന്ന് വരണം, എസ് എസ് എൽ സി കഴിഞ്ഞപാടെ ഗൾഫിലോ ഏടെയെങ്കിലും കിട്ടുന്ന പണിക്ക് പറഞ്ഞയക്കുന്നത് (www.evisionnews.co)നിർത്തി കുട്ടികളെ പഠിപ്പിക്കണം. കൊറോണ വരുമ്പോൾ വീട്ടിലിരിക്കുകയാണ് വേണ്ടത്, സിനിമാസ്റ്റെലിൽ കാറുമെടുത്ത് പുറത്തിറങ്ങി, അത് ടിക്ടൊക്കിലിടുകയല്ല വേണ്ടത് എന്ന ബോധമുണ്ടാകണമെങ്കിൽ തലക്കകത്ത് വെളിച്ചം ഉണ്ടാവണം. അതിനു സാമാന്യവിദ്യാഭ്യാസവും ബോധവും വേണം.
അല്ലാതെ കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം ഓഫാക്കിയിട്ട് മെഴുകുതിരിയോ ചെരാതോ കത്തിച്ച് വെക്കുകയല്ല വേണ്ടത്.
എന്ന്
കാസർഗോഡുകാരനായ
പി.വി.ഷാജികുമാർ
നബി: ഇത് വായിച്ച് നിങ്ങൾ എന്നെയൊരു പ്രാദേശിക വാദിയാക്കരുതെന്നപേക്ഷ. ഞാൻ വെറും വാദി മാത്രം...

Post a Comment
0 Comments