കാസര്‍കോട് (www.evisionnews.co): അടിസ്ഥാന സൗകര്യ വികസനത്തിനും കുടിവെള്ളത്തിനും ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭ. മുന്‍നീക്കിയിരിപ്പ് ഉള്‍പ്പെടെ 50,41,63,487രൂപ വരവും 44,85,74,270 രൂപ ചെലവും 5,55,89,217 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2020-21 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍മാന്‍ എല്‍എ മഹമൂദ് ഹാജി അവതരിപ്പിച്ചു. കഴിഞ്ഞ ബജറ്റിലെ പല പദ്ധതികളും യാഥാര്‍ഥ്യമായതിലെ ചാരിതാര്‍ത്ഥ്യത്തിലായിരുന്നു ബജറ്റ് അവതരണം. പരിമിതമായ സാമ്പത്തിക സ്രോതസുകളില്‍ നിന്നുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും ട്രഷറി നിയന്ത്രണവും പദ്ധതി നിര്‍വഹണത്തെ തെല്ലെന്നുമല്ല ബാധിച്ചതെന്ന് വൈസ് ചെയര്‍മാന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
ഓരോ വീട്ടിലും ജൈവമാലിന്യ സംസ്‌കരണവും അടുക്കളത്തോട്ടം/ ജൈവപച്ചക്കറി കൃഷിക്ക് ഉപയുക്തമാക്കുന്നതിനും നടപടിയുണ്ടാക്കും. തരിശ് സ്ഥലങ്ങള്‍ കൃഷിചെയ്യുന്നതിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടിയുണ്ടാകും. കൃഷിക്ക് 65ലക്ഷം രൂപയും തുക വകയിരുത്തി. വിവിധ വാര്‍ഡുകളില്‍ കുടിവെള്ള വിതരണത്തിന് വാട്ടര്‍ അതോറിറ്റി മുഖാന്തിരം ലൈന്‍ ദീര്‍ഘിപ്പിക്കും. നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജലസ്രോതസുകള്‍ കണ്ടെത്തി കുഴല്‍ കിണറുകള്‍ സ്ഥാപിക്കുന്നതിന് 35ലക്ഷം രൂപ ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന് കൈമാറിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് നടപ്പിലാക്കും.
വിശപ്പ് കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സഹായത്തോടെ 25രൂപയക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പിലാക്കും. കുടുംബശ്രി മേഖലയെ ത്വരിതപ്പെടുത്തും. അഗതികളുടെ ഉന്നമനത്തിന് പ്രത്യേകം തുകയും വകയിരുത്തിയിട്ടുണ്ട്. സ്വന്തമായി കെട്ടിടങ്ങളില്ലാത്ത അങ്കണവാടികള്‍ക്ക് പുറംപോക്ക് സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കും. മനുഷ്യമലം സംസ്‌കരിക്കുന്നതിന് കല്‍പ്പറ്റ മോഡല്‍ സെപ്‌റ്റേജ് സ്ട്രീറ്റ് മെന്റ് പ്ലാന്റ് നഗരത്തില്‍ സ്ഥാപിക്കും.
ഹോമിയോ, ആയുര്‍വേദം വിഭാഗങ്ങള്‍ക്ക് മരുന്നുകള്‍ വാങ്ങുന്നതിന് തുക വകയിരുത്തി. വയോമിത്രം പാലിയേറ്റീവ് കെയര്‍, ബഡ്‌സ് സ്‌കൂള്‍ എന്നിവയ്ക്കും തുക വകയിരുത്തി. പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 75 ലക്ഷം രൂപ അനുവദിച്ചു. നഗരത്തില്‍ രണ്ടിടങ്ങളില്‍ തുമ്പൂര്‍മുഴി ഏറോബിക് യൂണിറ്റ് സ്ഥാപിക്കും. കല്‍മാടി തോട് നവീകരണത്തിന് പത്ത് കോടിയും ആരോഗ്യ ശുചിത്വ മേഖലയ്ക്ക് 1.41കോടി രൂപയും തുക വകയിരുത്തി. കേന്ദ്ര കേരള സര്‍ക്കാറിന്റെ സഹായത്തോടെ താളിപ്പടുപ്പ് മൈതാനിയില്‍ മിനിസ്റ്റേഡിയം നിര്‍മിക്കും. നഗരത്തിന് വെളിച്ചംപകരുന്നതിന് കൂടുതല്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും.
വനിതകളുടെ ക്ഷേമത്തിനായി 35ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പുരോഗമിക്കുന്ന ഷീലോഡ്ജ് അടുത്ത വര്‍ഷത്തോടെ യാഥാര്‍ഥ്യമാകും. എംപി ഫണ്ടില്‍ നിന്നും ഗാന്ധിമ പ്രതിമ നിര്‍മിക്കും. നഗരസഭ ടൗണ്‍ഹാള്‍ നവീകരണം, സന്ധ്യാരാഗം മേല്‍ക്കൂര നിര്‍മാണം, ഫിഷ്മാര്‍ക്കറ്റ് റോഡ് നിര്‍മാണം, തെരുവ് കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മാണം എന്നിവ ഉടന്‍ പൂര്‍ത്തിയാക്കും.

Post a Comment
0 Comments