കാസര്‍കോട് (www.evisionnews.co): മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുഹൃത്തുക്കളുടെ കുത്തേറ്റ് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയും കീഴൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സന്ദീപ് ശര്‍മ്മ (27)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സ്വദേശികളായ ചോട്ടാറാം, സിക്കന്തര്‍ എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
കൊല്ലപ്പെട്ട സന്ദീപും സുഹൃത്തുക്കളായ ചോട്ടാറാം, സിക്കന്തര്‍ എന്നിവരും ടൈല്‍സ് തൊഴിലാളികളാണ്. സന്ദീപ് കീഴൂരിലെ ക്വാര്‍ട്ടേഴ്സിലും ചോട്ടാറാമും സിക്കന്തറും മലാങ്കുന്നിലെ ക്വാര്‍ട്ടേഴ്സിലും താമസിച്ചാണ് ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 26ന് രാത്രി സന്ദീപ് മലാങ്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ ചോട്ടാറാമും സിക്കന്തറും സന്ദീപും ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. ഇത് സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു.
നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ കുത്തേറ്റ് പരിക്കേറ്റ സന്ദീപിനെ ഉദുമയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സന്ദീപിന്റെ മൊഴിപ്രകാരം നേരത്തെ ചോട്ടാറാമിനും സിക്കന്തറിനുമെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു.

Post a Comment
0 Comments