Type Here to Get Search Results !

Bottom Ad

ചെങ്കള പിഎച്ച്‌സിക്ക് ആധുനിക സൗകര്യങ്ങളോടെ രണ്ടു കോടി രൂപയില്‍ പുതിയ കെട്ടിടം വരുന്നു


കാസര്‍കോട് (www.evisionnews.co): ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിന് ഭരണാനുമതി. കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ബഹുനില കെട്ടിടം ഉയരുക. രണ്ടുകോടി രൂപയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ നടക്കും. ടെണ്ടര്‍ പൂര്‍ത്തിയായി സാങ്കേതികാനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും. കലക്ടര്‍ ഡോ: ഡി. സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മറ്റി പുതിയ കെട്ടിടത്തിന് അംഗികാരം നല്‍കിയത്.

ജില്ലയില്‍ താരതമ്യേന ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സ തേടി എത്തുന്ന ആരോഗ്യ കേന്ദ്രമാണിത്. എന്നാല്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ കാത്തുകിടക്കുകയായിരുന്നു ഈ ആതുരാലയം. ചെങ്കള ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രത്യേക താല്പര്യമെടുത്ത് പ്രയത്‌നിച്ചതിന്റെ ഫലമായാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചത്. പിഎച്ച്‌സിയിലെത്തുന്ന പ്രായമായവരും സ്ത്രീകളും അടക്കമുള്ള രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം നിലവിലില്ല. നല്ല ഡോക്ടര്‍മാരുടെ സേവനവും ആധുനിക ചികിത്സാരീതികളുടെ പരിമിതികളും നിത്യപരാതിയായിരുന്നു. 

പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ അസൗകര്യങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരമാകും. പുതിയ ബ്ലോക്കില്‍ അത്യാധുനിക രിതിയിലുള്ള നാല് ഡോക്ടര്‍മാരുടെ പരിശോധന മുറി, വിശാലമായ ഇരിപ്പിട സൗകര്യം, രോഗ പ്രതിരോധ കുത്തിവെയ്പ് ഹാള്‍, മൈനര്‍ ഒടി, ഫാര്‍മസി, ലാബ്, പാലിയേറ്റിവ് വിംഗ്, പബ്ലിക്ക് ഹെല്‍ത്ത് വിംഗ്, ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, ജീവിത ശൈലിരോഗ ചികിത്സക്കുള്ള സൗകര്യം എന്നിവ ഉണ്ടാകും. വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോട് കൂടിയാണ് ഒരേക്കര്‍ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കുക. 

Post a Comment

0 Comments

Top Post Ad

Below Post Ad