കാസര്‍കോട് (www.evisionnews.co): ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ നടത്തിയ കാസര്‍കോട് താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ 98പരാതികള്‍ തീര്‍പ്പാക്കി. ആറുപേര്‍ക്ക് ഉടന്‍ പട്ടയം അനുവദിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. സാങ്കേതികത്വത്തിന്റെ പേരില്‍ പട്ടയം നിഷേധിക്കപ്പെട്ടവര്‍ക്കാണ് ഉടന്‍ പട്ടയം അനുവദിക്കാന്‍ കളകടര്‍ തഹസില്‍ദാര്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കിയത്. ആകെ 113പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. ഇതില്‍ 10പരാതികളില്‍
വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. അര്‍ഹതയില്ലാത്ത അഞ്ചു പരാതികള്‍ നിരസിച്ചു. താമസമില്ലാത്ത സ്ഥലത്തെ പട്ടയത്തിനുള്ള അപേക്ഷ, വ്യാവസായിക ഉദ്ദേശത്തിനുള്ള കുഴല്‍ കിണര്‍ നിര്‍മ്മാണം തുടങ്ങിയ അപേക്ഷകളാണ് നിരസിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നത്. അദാലത്തില്‍ തത്സമയം കളക്ടര്‍ക്ക് 53 പരാതികളാണ് ലഭിച്ചത്. ഇവയുള്‍പ്പെടെയാണ് കലക്ടര്‍ 98പരാതികളില്‍ തീര്‍പ്പ് കല്‍പിച്ചത്.
കൈവശ ഭൂമിക്ക് പട്ടയത്തിനുള്ള അപേക്ഷ, ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി പ്രശ്നം, റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷ, ഭവന നിര്‍മ്മാണത്തിന് ധനസഹായത്തിനുള്ള അപേക്ഷ, ബാങ്ക് വായ്പ എഴുതി തള്ളാനുള്ള അപേക്ഷ തുടങ്ങിയ പരാതികളാണ് കളക്ടര്‍ പരിഗണിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ എ.ഡി.എം എന്‍ ദേവിദാസ്, കാസര്‍കോട് ആര്‍ ഡി ഒ കെ രവികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക, കാസര്‍കോട് തഹസില്‍ദാര്‍ എ വി രാജന്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അദാലത്തില്‍ സപ്ലൈ ഓഫീസ്, വനം വകുപ്പ് ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസ്, എംപ്ലോയ്മെന്റ് ഓഫീസ്, റവന്യൂ വകുപ്പ്, മൈനര്‍ ഇറിഗേഷന്‍, സഹകരണ വകുപ്പ്, ലീഡ്, പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, അക്ഷയ തുടങ്ങിയവയുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഈ വര്‍ഷം നടത്തിയ മൂന്നാമത്തെ താലൂക്ക്തല പരാതി പരിഹാര അദാലത്ത് ജനപങ്കാളിത്തംകൊണ്ടും സംഘാടന മികവ്കൊണ്ടും ശ്രദ്ധേയമായി. അദാലത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച മുഴുവന്‍ റവന്യൂ വകുപ്പ് ജീവനക്കാരെയും കലക്ടര്‍ അഭിനന്ദിച്ചു.
Post a Comment
0 Comments