കാസര്‍കോട് (www.evisionnews.co): അറ്റകുറ്റപ്പണികള്‍ക്കായി ഒരുമാസത്തോളം അടച്ചിട്ടിട്ടും ചന്ദ്രഗിരി പാലത്തിലെ തകര്‍ന്ന കൈവരികള്‍ നന്നാക്കിയില്ലെന്ന് ആക്ഷേപം. കഴിഞ്ഞ മാസം 20ന് ചെറുവാഹനങ്ങള്‍ കടത്തിവിട്ടിരുന്നെങ്കിലും പണി പൂര്‍ത്തിയായി കഴിഞ്ഞ ദിവസം പൂര്‍ണമായി ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഒരുമാസക്കാലം ഗതാഗതം തടസപ്പെടുത്തി പാലം അടച്ചിട്ടിട്ടും ഫുട്പാത്തിലെ സ്ലാബുകളും നന്നാക്കിയില്ല.
രണ്ടു വര്‍ഷത്തിലേറെയായി പാലത്തിന്റെ ഇരുവശങ്ങളിലെ കൈവരി തകര്‍ന്നിട്ട്. കഴിഞ്ഞ മാര്‍ച്ചില്‍ കെഎസ്ടിപി റോഡ് പണി പൂര്‍ത്തിയാക്കിയെങ്കിലും പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ നന്നാക്കാന്‍ കെഎസ്ടിപി തയാറായില്ല. ഇടതുഭാഗത്ത് സ്ഥാപിച്ച തെരുവിളക്കിന്റെ കാലുകള്‍ മറിഞ്ഞുവീണതും അതേപടിയുണ്ട്. കാല്‍നട യാത്രക്കാര്‍ നടക്കാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് ഇരുവശങ്ങളിലെയും ഫുട്പാത്ത്.
ജനുവരി നാലിനാണ് നവീകരണ ജോലികള്‍ക്കായി താരതമ്യേന തിരക്കുള്ള കാസര്‍കോട്- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ പാലം അടച്ചിട്ടത്. സ്ലാബുകള്‍ക്കിടയിലെ വിള്ളല്‍ കൂടിവന്നതോടെയാണ് അറ്റകുറ്റപ്പണികള്‍ക്കായി ചന്ദ്രഗിരിപ്പാലം അടച്ചിട്ടത്. 20ന് ചെറിയ വാഹനങ്ങള്‍ക്കും തുടര്‍ന്ന് ഫെബ്രുവരി ഒന്നുമുതല്‍ വലിയ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ അനുമതി നല്‍കിയിരുന്നു.
അതേസമയം, പാലം റോഡിന്റെ ജോലികള്‍ മാത്രമേ ഇതിനകം പൂര്‍ത്തിയായുള്ളൂ എന്നും കൈവരികള്‍, ഫുട്പാത്തുകള്‍ നന്നാക്കുന്ന പ്രവൃത്തികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാകുമെന്നുമാണ് അധികൃതരുരെട വിശദീകരണം.
Post a Comment
0 Comments