ദേശീയം (www.evisionnews.co): എല്ലാ കുടിശ്ശികയും ഒറ്റരാത്രികൊണ്ട് സര്‍ക്കാരിന് നല്‍കേണ്ടിവന്നാല്‍ വോഡഫോണ്‍ ഐഡിയ കമ്പനി പൂട്ടേണ്ടിവരും. ഇത് 10,000 പേര്‍ക്ക് തൊഴിലില്ലായ്മയും 30കോടി വരിക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുമെന്നും കമ്പനിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹത്ഗി തിങ്കളാഴ്ച എന്‍.ഡി.ടി.വിയോട് പറഞ്ഞു. ഇത് ടെലികോം മേഖലയെ മുഴുവന്‍ ബാധിക്കുമെന്നും മത്സരം ഇല്ലാതാകുകയും രണ്ട് സ്ഥാപനങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്യും.
വോഡഫോണ്‍ ഐഡിയ സര്‍ക്കാരിന് പലിശ സഹിതം 7000 കോടി രൂപ കുടിശ്ശിക നല്‍കാനുണ്ട്, ഇത് അടയ്ക്കാത്തതിനുള്ള പിഴയും അതിന്റെ പലിശയും ചേര്‍ത്ത് 23,000 മുതല്‍ 25,000 കോടി വരെ വരും. 2150 കോടി രൂപ കമ്പനി നല്‍കിയിട്ടുണ്ട്. ബാങ്ക് ഗ്യാരന്റി കൂടി ചേര്‍ത്ത് സര്‍ക്കാര്‍ സ്ഥിതി വഷളാക്കരുത് എന്നും അല്ലെങ്കില്‍ കമ്പനി പൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ടെലികോം സ്ഥാപനങ്ങള്‍ തങ്ങളുടെ എല്ലാ കുടിശ്ശികകളും ഉടന്‍ തന്നെ സര്‍ക്കാരിന് നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് നഷ്ടം നേരിടുന്ന സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു എന്നും മുകുള്‍ രോഹത്ഗി പറഞ്ഞു.
''ഒറ്റരാത്രികൊണ്ട് ഈ കുടിശ്ശിക അടയ്ക്കാന്‍ ഒരു വഴിയുമില്ലെന്ന് കമ്പനികള്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനോട് പറയുന്നു. സര്‍ക്കാരും ഈ സാഹചര്യത്തെ മനസിലാക്കണം, അല്ലാത്തപക്ഷം വളരെ പ്രതിസന്ധിയില്‍ ഉള്ള ഈ മേഖലയ്ക്ക് രണ്ട് ഓപ്പറേറ്റര്‍മാര്‍ മാത്രമേ ഉണ്ടാകൂ, അത് അര്‍ദ്ധ കുത്തക പോലെയാണ്, ഇതിനെയാണ് നമ്മള്‍ ഒളിഗോപോളി (കുറച്ചു സ്ഥാപനങ്ങള്‍ മാത്രം ചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന വ്യവസ്ഥ) എന്ന് വിളിക്കുന്നത്,'' രോഹത്ഗി പറഞ്ഞു.

Post a Comment
0 Comments