
കാസര്‍കോട് (www.evisionnews.co): കാറില്‍ കടത്തിയ 15.5 കിലോ സ്വര്‍ണ്ണവുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട് ടി.പി രാജീവന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 6.45ഓടെ ബേക്കല്‍ ടോള്‍ ഗേറ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് 6.2കോടി രൂപയുടെ സ്വര്‍ണ്ണക്കടത്ത് പിടിച്ചത്.
1988ന് ശേഷം കണ്ണൂര്‍ കസ്റ്റംസ് ഡിവിഷന് കീഴിലെ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണ് ഇതെന്ന് കസ്റ്റംസ് അസി. കമ്മീഷണര്‍മാരായ ഇ. വിഗാസ്, മധുസൂതനന്‍ ഭട്ട് എന്നിവര്‍ ഇന്ന് രാവിലെ പുലിക്കുന്നിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമിത വേഗത്തിലെത്തിയ എംഎച്ച് 11 ബികെ 2484 നമ്പര്‍ ക്രറ്റ കാര്‍ തടഞ്ഞുനിര്‍ത്തി അകം പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിലെ രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്. മൂന്ന് രഹസ്യ അറകളായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ഒരുക്കിയിരുന്നത്. ബിസ്‌ക്കറ്റ് രൂപത്തിലാക്കിയായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. മഹാരാഷ്ട്ര സാഗ്ലി സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. തലശ്ശേരിയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. കസ്റ്റംസ് സൂപ്രണ്ടുമാരായ പി.പി രാജാവ്, പി പ്രദീപ് കുമാര്‍ നമ്പ്യാര്‍, പി.കെ ഹരിദാസ്, കെ. രാഘവന്‍, ഇന്‍സ്പെക്ടര്‍മാരായ കപില്‍ ഗര്‍ഗ്, ശ്യാംകുമാര്‍ ശര്‍മ്മ, പ്രണീത്, നിശാന്ത് താക്കൂര്‍, ഡ്രൈവര്‍ സജിത് കുമാര്‍ കെ.വി, ഹവില്‍ദാര്‍മാരായ കെ. ആനന്ദ, കെ. ചന്ദ്രശേഖര, എം. വിശ്വനാഥ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post a Comment
0 Comments