കേരളം (www.evisionnews.co): റിപ്പബ്ലിക് ദിന പരേഡില്‍ പശ്ചിമ ബംഗാളിനെയും മഹാരാഷ്ട്രയെയും ഒഴിവാക്കിയതിന് പിന്നാലെ കേരളത്തിന്റെ ആശയത്തിനും അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്നാംഘട്ട പരിശോധനയിലാണ് കേരളത്തിന്റെ ടാബ്ലോ പുറത്തായത്. കേരളത്തിന്റെ കലയും വാസ്തുശില്‍പ മികവുമായിരുന്നു പ്രമേയം. ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയതു സംബന്ധിച്ച് വിവാദം മുറുകുന്നതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്.
കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധസമിതിക്കു മുന്നില്‍ അവതരിപ്പിച്ചത്.ബംഗാളില്‍ നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത്.
എന്നാല്‍ റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്‍ പറഞ്ഞു. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്. മൂന്നാം ഘട്ടത്തിലാണ് കേരളം പുറന്തള്ളപ്പെട്ടത്. ബംഗാളാകട്ടെ രണ്ടാംഘട്ടത്തില്‍ തന്നെ പുറത്തായി. വിദഗ്ധസമിതി ആവശ്യപ്പെട്ടതു പ്രകാരം തിരുത്തലുകള്‍ നടത്തി ടാബ്ലോകള്‍ മൂന്നു തവണയായി അവതരിപ്പിച്ചെന്നും എന്തുകൊണ്ടാണ് തള്ളിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടില്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറും പറഞ്ഞു.

Post a Comment
0 Comments