Type Here to Get Search Results !

Bottom Ad

നാടിന് വെളിച്ചമേകാന്‍ ഉദുമക്കാര്‍ കൂട്ടായ്മയുടെ വേറിട്ട പ്രതിഷേധം


ഉദുമ (www.evisionnews.co): കെ.എസ്.ടി.പി റോഡിലെ ഉദുമ ടൗണിനെ ഇരുട്ടില്‍ നിന്നും മോചിപ്പിക്കുക, കളനാട് ഓവര്‍ ബ്രിഡ്ജ് മുതല്‍ പാലക്കുന്ന് വരെ കത്താത്ത മുഴുവന്‍ സോളാര്‍ ലൈറ്റുകളും പ്രകാശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉദുമക്കാര്‍ കൂട്ടായ്മ മെഴുക് തിരികൊളുത്തി പ്രതിഷേധ ജ്വാലതീര്‍ത്തു. അന്തിയായാല്‍ കൂരിരുട്ടില്‍ നട്ടംതിരിയുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പ്രതിഷേധ ജ്വാലയില്‍ അണിനിരന്നവര്‍ ആവശ്യപ്പെട്ടു.

പ്രകാശമാനമായ ഒരു പുതുവര്‍ഷ പുലരിയിലേക്ക് നാടിനെ നയിക്കാന്‍ കൂട്ടായ്മ നടത്തിയ പ്രതിഷേധം വേറിട്ടതായി. കളനാട് ഓവര്‍ ബ്രിഡ്ജ് മുതല്‍ പാലക്കുന്ന് വരെയുള്ള സോളാര്‍ വിളക്കുകള്‍ ഒട്ടുമുക്കാലും പണിമുടക്കിയിട്ട് നാളുകള്‍ ഏറെയായി. രാത്രികാലങ്ങള്‍ ഉദുമ- പാലക്കുന്ന് ഭാഗങ്ങള്‍ മുഴുവന്‍ മാസങ്ങളായി ഇരുട്ടിലാണ്. ശ്രീധരന്‍ വയലിന്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ അധ്യക്ഷത വഹിച്ചു.

ഡോ. അബ്ദുല്‍ അഷ്റഫ്, എച്ച്. ഹരിഹരന്‍, മധുകുമാര്‍ നാഗത്തിങ്കാല്‍, സി.കെ കണ്ണന്‍ പാലക്കുന്ന് കെ.ആര്‍ സുരേഷ് ബാബു, മധു കൊക്കാല്‍, അനീഷ് പണിക്കര്‍, അനില്‍ ഉദുമ എന്നിവര്‍ നേതൃത്വം നല്‍കി. ഹനീഫ തളങ്കര, ടി.കെ ഹസൈനാര്‍, ഇ.പി ഹസന്‍, മാഹിന്‍ പുതിയനിരം സംബന്ധിച്ചു.

ഈസമരം സൂചന മാത്രമാണെന്നും പരിഹാരം കണ്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വമ്പിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വലിയ പ്രതീക്ഷകള്‍ക്ക് വകനല്‍കിയ കെ.എസ്.ടി.പി പരിഷ്‌കാരങ്ങള്‍ നാടിന് നല്‍കിയത് അപകടമരണങ്ങള്‍ അടക്കം നിരവധി കോട്ടങ്ങള്‍ മാത്രം. അശാസ്ത്രീയവും അപൂര്‍ണവുമായ ഓവുചാലുകള്‍ മരണക്കുഴികളായി മാറി. മൊത്തത്തില്‍ നരകമായി നാട് മാറി. പഞ്ചായത്ത് മുന്‍ ഭരണ സമിതി ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച സോളാര്‍ ലൈറ്റിന്റെ വിളക്കുകാല്‍ കാടുമൂടി കിടക്കുന്നു. ഇതിന്റെ ബാറ്ററികള്‍ സാമൂഹിക വിരുദ്ധര്‍ മോഷ്ടിച്ചു കൊണ്ടുപോയി. ഇതിനു പകരം പുതിയത് സ്ഥാപിക്കാന്‍ ഇപ്പോഴത്തെ ഭരണ സമിതിയും തയാറായില്ല. ടൗണിലെ കൂരിരുട്ട് കാരണം പല ദിവസങ്ങളിലും രാത്രി കാലങ്ങളില്‍ വാഹനാപകടം നടക്കുന്നു. നിരവധി അപകട മരണങ്ങളും അടുത്ത കാലത്തായി ഉദുമ ടൗണില്‍ മാത്രം നടന്നിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad