
ന്യൂഡല്‍ഹി (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നേരിടുകതന്നെ ചെയ്യുമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ലക്‌നൗവിലെയും മറ്റും അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തി. അക്രമം നേരിടാന്‍ ശക്തമായ നടപടി വേണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചതായി ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു.
ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി, ഉര്‍ദു പത്രങ്ങളിലെ പരസ്യങ്ങളിലൂടെ വ്യക്തമാക്കി. നടപ്പാക്കാന്‍ തീരുമാനമെടുത്താല്‍ തന്നെ ഇന്ത്യന്‍ പൗരന്‍മാരെ ബാധിക്കാത്ത രീതിയിലാവും ചട്ടങ്ങളുണ്ടാക്കുകയെന്നും പരസ്യത്തില്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതികള്‍ക്കൊപ്പം തന്നെ എന്‍ആര്‍സിയും വരുന്നുവെന്ന തോന്നലാണു പലരെയും തെരുവിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
രാജ്യമാകെ എന്‍ആര്‍സിയെന്ന് പാര്‍ലമെന്റില്‍ അമിത് ഷായാണു പറഞ്ഞത്. ബംഗാളിലും മറ്റും ഇതേ കാര്യം അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പൗരത്വ നിയമ ഭേദഗതികള്‍ ജനത്തോടു വിശദീകരിക്കാമെന്നും എന്‍ആര്‍സിയില്‍ മെല്ലെപ്പോക്കെന്ന സമീപനം സ്വീകരിക്കാമെന്നുമാണ് ആലോചനയെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. പ്രതിഷേധം തണുപ്പിക്കാന്‍ ഇങ്ങനെ ചെയ്യുന്നതിനോട് പാര്‍ട്ടിക്കും എതിര്‍പ്പില്ല. പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സിയും പാര്‍ട്ടി നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളാണ്. അതിനാല്‍, പിന്‍വലിയുന്ന പ്രശ്‌നമില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
Post a Comment
0 Comments