Type Here to Get Search Results !

Bottom Ad

ഉത്സവ ലഹരിയില്‍ ആയംകടവ് പാലം നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് (www.evisionnews.co): പുല്ലൂര്‍ പെരിയ ബേഡഡുക്ക പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന ആയംകടവ് പാലം നാടിന് സമര്‍പ്പിച്ചു. വൈകിട്ട് മൂന്നു മണിക്ക് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം യാത്രക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തത്. ചടങ്ങില്‍ ഉദുമ എം.എല്‍.എ എം. കുഞ്ഞിരാമന്‍ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു. 

എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു വിശിഷ്ടാതിഥിയായിരുന്നു. ചീഫ് എഞ്ചിനീയര്‍ എസ്. മനോമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്തചട്ടഞ്ചാല്‍ 'ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെയും പാലം രൂപകല്പന ചെയ്തവരെയും നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും പാലം നിര്‍മാണത്തിന് സൗജന്യമായി ഭൂമി വിട്ടു നല്‍കിയവരെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമന രാമചന്ദ്രന്‍, എം. ഗൗരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി. രാമചന്ദ്രന്‍, ശാരദ എസ്. നായര്‍, ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി മുസ്തഫ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാ ചന്ദ്രന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം ശാന്തകുമാരി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത്അംഗം വി. ദിവാകരന്‍, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് അംഗം സി.എ സതീശന്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ സ്വാഗതവും കോഴിക്കോട് ബ്രിഡ്ജസ് നോര്‍ത്ത് സര്‍ക്കിള്‍ സുപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി നന്ദിയും പറഞ്ഞു.

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നായ ആയംകടവ് പാലം പൂര്‍ത്തിയായതോടെ യു.ഡി.എഫ് കാലത്തെ സ്വപ്‌ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമായത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് 2015 ഒക്ടോബര്‍ ഒന്നിനാണ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തിക്കുള്ള സാങ്കേതികാനുമതി നല്‍കിയത്. 2016 ജനുവരിയില്‍ അന്നത്തെ പൊതുമരാമത്ത്മന്ത്രി ഇബ്രാഹിം കുഞ്ഞ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തി. ആദ്യ ഡിസൈനിലെ അപാകത കാരണം പാലത്തിന്റെ നിര്‍മാണ പ്രവൃത്തി തടസപ്പെട്ടുവെങ്കിലും പിന്നീട് എന്‍ഐടിയിലെ വിദഗ്ദനായ ഡോ. അരവിന്ദാക്ഷന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്നാണ് പാലത്തിന്റെ പണി പൂര്‍ത്തിയായത്.

പെര്‍ലടുക്കം- ആയംകടവ്- പെരിയ റോഡില്‍ പയസ്വിനിപ്പുഴക്ക് കുറുകെയാണ് പാലം നിര്‍മിച്ചത്. 24 മീറ്റര്‍ ഉയരത്തിലും 150 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച പാലത്തിന്റേയും 3.8 കിലോമീറ്റര്‍ മെക്കാഡം ചെയ്ത അപ്രോച്ച് റോഡിന്റെയും പ്രവൃത്തിയാണ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. 




Post a Comment

0 Comments

Top Post Ad

Below Post Ad