Type Here to Get Search Results !

Bottom Ad

പൗരത്വ ബില്ലിന്റെ കാര്യത്തില്‍ ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടേ തീരൂ: ക്ഷുഭിതനായി അമിത് ഷാ: പ്രക്ഷുബ്ധമായി സഭ


ദേശീയം (www.evisionnews.co): പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ അമിത് ഷായുടെ വാക്കുകളില്‍ പ്രക്ഷുബ്ധമായി ലോക്സഭ. മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഇന്ത്യയെ വിഭജിച്ചതു കൊണ്ടാണ് പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കേണ്ടി വന്നതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സഭയില്‍ പറഞ്ഞത് . അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതവിവേചനം നേരിട്ടതിനാല്‍ ഇന്ത്യയിലേക്കു കുടിയേറിയവര്‍ക്കു പൗരത്വം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 

പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തിയപ്പോള്‍ അമിത് ഷാ ക്ഷുഭിതനായി. 'ഞങ്ങള്‍ക്ക് ജനങ്ങള്‍ ഭരിക്കാന്‍ അധികാരം തന്നിരിക്കുന്നത് അഞ്ചു വര്‍ഷത്തേക്കാണ്. അപ്പോള്‍ ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടേ മതിയാകൂ'. അതോടെ പ്രതിപക്ഷ നിര ഒന്നടങ്കം ഇളകി. പാക് അധിനിവേശ കശ്മീരിലെ ജനങ്ങളും ഇന്ത്യയുടേതാണ്. ഇപ്പോഴും ജമ്മു കശ്മീര്‍ നിയമസഭയില്‍ അവര്‍ക്കായി 24 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേനയേയും കേരളത്തില്‍ മുസ്ലിം ലീഗിനെയും സഖ്യകക്ഷികളാക്കുന്ന മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അമിത് ഷാ പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാര്‍ക്കു വോട്ടുബാങ്കിന്റെ പേരില്‍ പൗരത്വം നല്‍കില്ല. റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കില്ല. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് നാലു ശതമാനമായി മാറി. അതേസമയം ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി. മുസ്ലിങ്ങള്‍ ഒന്‍പതു ശതമാനത്തില്‍ നിന്ന് 14 ശതമാനമായി. ഇത് വ്യക്തമാക്കുന്നത് മതന്യൂനപക്ഷങ്ങളെ ഇന്ത്യ വേട്ടയാടിയിട്ടില്ലെന്നാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ഏഴ് മണിക്കൂറിലേറെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80-ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad