ദേശീയം (www.evisionnews.co): പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ ശിവസേന പിന്തുണയ്ക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന ചില സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതിനൊന്നും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ വ്യക്തത ലഭിക്കുന്നതു വരെ ബില്ലിനെ പിന്തുണയ്‌ക്കേണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനം- അദ്ദേഹം പറഞ്ഞു.
ലോക്സഭയിലെ പൗരത്വ ബില്ലിനെ ശിവസേന പിന്തുണച്ചിരുന്നു. ബില്‍ പാസാക്കുമ്പോള്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ച മാറ്റങ്ങളെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയില്ലെങ്കില്‍ നിയമനിര്‍മാണത്തെ കുറിച്ചുള്ള നിലപാട് പുന:പരിശോധിക്കുമെന്ന സൂചനയാണ് ശിവസേന നല്‍കിയത്.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്ലാണ് ഇന്നലെ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാസ്സാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80-ന് എതിരെ 311 വോട്ടുകള്‍ക്കാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. വിവിധ എം.പിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി, എ.എം ആരിഫ്, ശശി തരൂര്‍, എന്‍.കെ പ്രേമചന്ദ്രന്‍, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ നിര്‍ദ്ദേശിച്ച ഭേദഗതികളാണ് വോട്ടിനിട്ടു തള്ളിയത്.
Post a Comment
0 Comments