കേരളം (www.evisionnews.co): ബാറില്‍ എത്തി മദ്യപിച്ചശേഷം ബില്‍ തുക നല്‍കാതിരുന്നതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന്റെ ദേഷ്യത്തില്‍ നായ്ക്കളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. തൃശ്ശൂര്‍ പൂങ്കുന്നം വെട്ടിയാട്ടില്‍ വൈശാഖ് (34), അഞ്ചേരി കുരിയച്ചിറ നെല്ലിക്കല്‍ വൈശാഖ് എന്നിവരാണ് പിടിയിലായത്. നായ്ക്കളെ പരിശീലിപ്പിക്കുന്ന ഈ യുവാക്കള്‍ മുമ്പും ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍.
തൃശ്ശൂര്‍ പഴയന്നൂര്‍ രാജ് റീജന്‍സി ഹോട്ടലിലായിരുന്നു സംഭവം. രാത്രി ഒന്‍പതു വരെ യുവാക്കള്‍ ബാറിലിരുന്നു മദ്യപിച്ചതായി ജീവനക്കാര്‍ പറയുന്നു. ബില്‍തുകയായ 950രൂപ ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്നു പറഞ്ഞതിനാല്‍ യുവാക്കളുടെ മൊബൈല്‍ ഫോണ്‍ ബാര്‍ ജീവനക്കാരന്‍ പിടിച്ചുവെച്ചു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ഭീഷണി മുഴക്കി യുവാക്കള്‍ സ്ഥലം വിടുകയും ചെയ്തു.
പത്തേമുക്കാലോടെ തിരിച്ചെത്തിയ യുവാക്കള്‍ ഷര്‍ട്ട് ധരിക്കാതെ കൈയില്‍ വടിവാളുമായി ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ്ക്കളെയും കൊണ്ടായിരുന്നു വരവ്. ലോക്കല്‍ ബാറിനുള്ളില്‍ കയറിയ ശേഷം നായ്ക്കളെ അഴിച്ചുവിട്ടു. ഇവ കുരച്ചുചാടി പാഞ്ഞതോടെ മദ്യപിക്കാനെത്തിയവരും ജീവനക്കാരും ജീവനും കൊണ്ടോടി. ഭയന്ന ഹോട്ടര്‍ മാനേജര്‍ മുകളിലെ നിലയിലെ മുറിയില്‍ കയറി രക്ഷപെട്ടു. പൊലീസില്‍ വിവരം അറിയിച്ചുവെങ്കിലും പൊലീസ് എത്തും മുമ്പേ അക്രമികള്‍ രക്ഷപെടുകയായിരുന്നു.

Post a Comment
0 Comments