Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്


കാസര്‍കോട് (www.evisionnews.co): ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം ഉള്‍പ്പടെ അഞ്ചു മണ്ഡലങ്ങളിലും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫയര്‍ പാര്‍ട്ടി. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും രാജ്യത്തിന്റെ വൈവിധ്യത്തെയും തകര്‍ക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കും സംസ്ഥാന ഭരണം കയ്യാളുന്ന ഇടതുസര്‍ക്കാരിന്റെ ജനവിരുദ്ധതക്കുമെതിരായ വിധിയെഴുത്തായി വരാന്‍പോകുന്ന ഉപതെരഞ്ഞെടുപ്പ് ഫലം മാറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. 

വീണ്ടും അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കൊലപ്പെടുത്തിയിരിക്കുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും നിര്‍വീര്യമാക്കി സംഘ് സമഗ്രാധിപത്യമാണ് നടപ്പിലാക്കുന്നത്. വംശീയ അതിക്രമത്തിന് രാജ്യത്തെ ന്യൂനപക്ഷ- ദലിത്- ആദിവാസി ജനവിഭാഗങ്ങള്‍ നിരന്തരമായി ഇരയാവുകയാണ്. ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകുന്ന സൈനിക രാജ്യമായി ഇന്ത്യയെ മാറ്റിയിരിക്കുന്നു. 

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമടക്കമുള്ള പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിച്ച് കോര്‍പറേറ്റ് ഖനനമാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും ഒത്താശ ചെയ്യുകയാണ് സര്‍ക്കാര്‍. 2019ലെ പ്രളയ കാലത്തിന് ശേഷം മാത്രം 110 പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കി. പാരിസ്ഥിതിക ദുര്‍ബല മേഖലകളെ സംരക്ഷിക്കുന്നതിന് പകരം പശ്ചിമഘട്ടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. 

കേരളീയ ജനതയുടെ നിരന്തര പോരാട്ടത്തിലൂടെ നേടിയെടുത്ത സമ്പൂര്‍ണ മദ്യനിരോധനം എന്ന നാടിനുപകരിക്കുന്ന തീരുമാനത്തെ ഇടതു സര്‍ക്കാര്‍ റദ്ദ് ചെയ്യുകയും മദ്യമാഫിയകളെ സഹായിക്കാനായി കേരളമാകെ മദ്യമൊഴുക്കുകയും ചെയ്തു. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ മാത്രം 70 പുതിയ ബാറുകളാണ് തുറന്നത്. സംവരണം എന്ന ഭരണഘടനാ അവകാശത്തെ ദുര്‍ബലപ്പെടുത്തി ദലിത് - പിന്നാക്ക ജനവിഭാഗങ്ങളെ കെ.എ.എസ് ഉന്നത തസ്തികകളില്‍ നിന്ന് അകറ്റിനിര്‍ത്താനാണ് ആദ്യ ഘട്ടത്തില്‍ ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്. സംവരണ സമരത്തെ തുടര്‍ന്ന് ഇതില്‍ തിരുത്തല്‍ വരുത്തിയെങ്കിലും ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കിയാണ് സര്‍ക്കാര്‍ സംവരണ വിരുദ്ധരോട് ഐക്യപ്പെട്ടത്. ഇത്തരത്തില്‍ നിരവധി ജനവിരുദ്ധ സമീപനങ്ങള്‍ സ്വീകരിച്ച ഒരു ഭരണകൂടത്തെ വിലയിരുത്താനും ജനകീയ പ്രതിഷേധം അറിയിക്കാനുള്ള അവസരം കൂടിയായി ഉപതെരഞ്ഞെടുപ്പിനെ കാണണം എന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാടെന്നും നേതാക്കള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad