കാസര്‍കോട്: (www.evisionnew.co) കാസര്‍കോട്- തലപ്പാടി, നീലേശ്വരം- കാലിക്കടവ് നാഷണല്‍ ഹൈവേയുടെ തകര്‍ച്ചയ്ക്ക് പരിഹാരം കാണാത്ത കേന്ദ്ര സര്‍ക്കാറിന്റെയും നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതരുടെയും നടപടിയില്‍ പ്രതിഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി 24മണിക്കൂര്‍ നിരാഹാര സമരം നടത്തുന്നു. സെപ്തംബര്‍ 20ന് രാവിലെ ഒമ്പത് മണി മുതല്‍ 21ന് രാവിലെ ഒമ്പത് വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സമരം.
20ന് രാവിലെ മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിരാഹാര സമരം ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപനം ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ വിവിധ ഘട്ടങ്ങളില്‍ സമര പന്തലില്‍ എത്തി അഭിവാദ്യമര്‍പ്പിക്കും. ഇതൊരു സൂചന സമരം മാത്രമാണെന്നും അധികൃതര്‍ കണ്ണുതുറക്കാന്‍ തയ്യാറായില്ലെങ്കില്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്കു വേണ്ടി മരണംവരെ സമരം നടത്തുമെന്നും തിയതി നിരാഹാര സമരത്തിനു ശേഷം പ്രഖ്യാപിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ഏഴു വര്‍ഷമായി നാഷണല്‍ ഹൈവേ ടാര്‍ ചെയ്യാത്തത് കൊണ്ടാണ് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത്. റോഡിലെ കുഴിയില്‍ വാഹനങ്ങള്‍ അപകടത്തില്‍ പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അനേകം പേര്‍ മരണപ്പെടുകയും ചെയ്തു. ഏറ്റവുമെടുവില്‍ കാലിക്കടവിന് സമീപം ബാങ്ക് മാനേജര്‍ ബൈക്കില്‍ നിന്നു റോഡിലെ കുഴിയില്‍ തെറിച്ച് വീണ് മരണപ്പെട്ടു. രോഗികളുമായി മംഗലാപുരത്തേക്ക് ആംബുലന്‍സ് പോകുന്നത് വളരെ പ്രയാസപ്പെട്ടാണ്. വലിയ റോഡ് ടാക്‌സ് കൊടുത്താണ് വാഹനം വാങ്ങുന്നത്. എന്നാല്‍ വാഹന ഉടമകളെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നത്. ഈ ഓണത്തിന് കാസര്‍കോട്ടെ വിവിധ ഷോറൂമുകളില്‍ നിന്നും ആയിരക്കണക്കിന് വാഹനങ്ങള്‍ റോഡില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ റോഡ് സൗകര്യം അധികൃതര്‍ ഒരുക്കുന്നില്ല. വര്‍ഷം തോറും കുഴി അടച്ച് പണം തട്ടുന്ന രീതിയാണ് തുടര്‍ന്നു വരുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി തലപ്പാടി ഉപ്പള വരെ അറ്റക്കുറ്റ പണിക്ക് ഏഴ് കോടി അനുവദിച്ചുവെങ്കിലും ജോലി ഇതുവരെ തുടങ്ങാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് എം.പി പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ സംബന്ധിച്ചു.

Post a Comment
0 Comments