Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍: കുടുംബങ്ങള്‍ ദുരിതത്തില്‍


കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ പെന്‍ഷന്‍ മുടങ്ങിയതോടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും ഇതു വറുതിയുടെ ഓണം. നഷ്ടപരിഹാരങ്ങള്‍ക്കും മറ്റു ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള നിലവളി ഉയരുന്നതിനിടയിലാണ് ഏക പ്രതീക്ഷയായ പെന്‍ഷനും കൂടി മുടങ്ങിയിരിക്കുന്നത്.

4 മാസമായി പെന്‍ഷന്‍ മുടങ്ങിയിട്ട്. പെന്‍ഷനാവശ്യമായ പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറാകാത്തതാണ് വിതരണം തടസപ്പെടാന്‍ കാരണം. പെന്‍ഷന്‍ മാത്രം പ്രതീക്ഷിച്ചു കഴിയുന്ന നിരവധി ദുരിതബാധിത കുടുംബങ്ങളാണ് കാസര്‍കോടുള്ളത്. ഓണം പടിവാതില്‍ക്കലെത്തിയിട്ടും പെന്‍ഷന്‍ മുടങ്ങിയതോടെ ഈ കുടുംബങ്ങള്‍ വിഷമത്തിലാണ്. ഓണത്തിന് മുമ്പ് പെന്‍ഷന്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഓണം പടിവാതില്‍ക്കലെത്തിയിട്ടും മാസങ്ങളായി മുടങ്ങിയിരിക്കുന്ന പെന്‍ഷന്‍ കിട്ടിയില്ലെന്നാണ് കാസര്‍കോട് പാക്കത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത നന്ദനയുടെ അമ്മ പറയുന്നത്. ഫണ്ട് ലഭ്യമായില്ല എന്നാണ് സാമൂഹിക നീതി വകുപ്പില്‍ നിന്നുള്ള മറുപടി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളില്‍ മിക്കവരുടെയും അവസ്ഥ ഇതിനു സമാനമാണ്.

സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രതിമാസം 2200 രൂപയാണ് പെന്‍ഷന്‍. വികലാംഗ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് 1700 രൂപ ലഭിക്കും. കഴിഞ്ഞ മാര്‍ച്ച് വരെ എല്ലാ മാസവും പത്താം തിയതിയോടെ തുക അക്കൗണ്ടില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട് ഇതുവരെ പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. മറ്റൊരു വരുമാനമില്ലാത്തവരാണ് പെന്‍ഷനും കൂടി മുടങ്ങിയതോടെ ദുരിതക്കയത്തിലായിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്ന അവഗണനാപരമായ നിലപാടിന്റെ ഭാഗണാണ് പെന്‍ഷന്‍ പോലും നല്‍കാതെ പിടിച്ചുവെക്കുന്നതെന്നാണ് ആരോപണം. സര്‍ക്കാറില്‍ നിന്നും കിട്ടേണ്ട ധനസഹായത്തിനായി സമരം തുടരുന്നതിനിടയിലാണ് പെന്‍ഷന്‍ മുടങ്ങിയ അവസ്ഥയുണ്ടായിരിക്കുന്നത്. പ്രതിമാസ പെന്‍ഷന്‍ അയ്യായിരമായി ഉയര്‍ത്തണമെന്നും നേരത്തെ ദുരിത ബാധിതരുടെ കുടുംബം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന തുകയെങ്കിലും ലഭ്യമാക്കണമെന്നാണ് ദുരിതബാധിതരുടെ കുടുംബങ്ങളുടെ ആവശ്യം. സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ പെന്‍ഷനില്‍ മാത്രം ആശ്രയിച്ചുകഴിയുന്ന നിരവധി കുടുംബങ്ങള്‍ ആഘോഷത്തിന്റെ നിറമില്ലാതെ ഓണത്തെ വരവേല്‍ക്കേണ്ടിവരും.

Post a Comment

0 Comments

Top Post Ad

Below Post Ad