Type Here to Get Search Results !

Bottom Ad

ജില്ലയിലുടനീളം മഹാളിയും മഞ്ഞളിപ്പ് രോഗവും: കവുങ്ങുകള്‍ ഉണങ്ങിക്കരിയുന്നു


കാസര്‍കോട് (www.evisionnews.co): ജില്ലയിലുടനീളം മഹാളിയും മഞ്ഞളിപ്പ് രോഗവും വ്യാപകമായതോടെ കവുങ്ങ് കൃഷി നാശത്തിലേക്ക്. ഇതോടെ അടയ്ക്കാ കര്‍ഷകര്‍ തീരാദുരിതത്തിലായി. കാസര്‍കോട് താലൂക്കിലെ ബദിയടുക്ക, കുറ്റിക്കോല്‍, ബേഡകം, മുള്ളേരിയ പഞ്ചായത്തുകളിലാണ് കവുങ്ങ് കൃഷിക്ക് വ്യാപക നാശം ഉണ്ടായത്.

പ്രധാന കാര്‍ഷിക വിളകളെല്ലാം ഭീഷണി നേരിടുന്നതിനിടയിലാണ് കവുങ്ങ് കൃഷിക്കും നാശം നേരിടുന്നത്. പെയ്‌തൊഴിയാത്ത മഴയില്‍ അന്തരീക്ഷത്തില്‍ഈര്‍പ്പം തങ്ങിനിന്നതും മഹാളി രോഗത്തിന്റെ തോത് വര്‍ധനവിന് കാരണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. മഞ്ഞളിപ്പ് രോഗം മൂലവും ജില്ലയിലുടനീളം കവുങ്ങുകള്‍ ഉണങ്ങി വരികയാണ്. കവുങ്ങില്‍ ആദ്യം മഞ്ഞളിപ്പാണ് കണ്ടുവരുന്നത് പിന്നീട് കുലകളെ ബാധിക്കുന്നു. തുടര്‍ന്ന് അടക്ക പൂര്‍ണമായും കൊഴിഞ്ഞുപോവുകയാണ്. മഹാളി രോഗം ബാധിച്ചാല്‍ അടക്ക ഉപയോഗിക്കാമെങ്കിലും അടക്ക കായ്ക്കുമ്പോഴെ കൊഴിഞ്ഞു തീരുകയാണ്. ജില്ലയിലെ പല ഭാഗങ്ങളിലും ലക്ഷങ്ങള്‍ മുടക്കി കച്ചവടക്കാര്‍ പാട്ടത്തിനെടുത്ത അടക്കകളും രോഗ ഭീഷണിയിലാണ്. 

ജില്ലയിലെ കാര്‍ഷിക മേഖലയിലെ വലിയൊരു ശതമാനം കവുങ്ങു കൃഷിയാണ്. മാഹളി രോഗവും മഞ്ഞളിപ്പ് രോഗവും വ്യാപകമായി പിടിപെട്ടതോടെ കര്‍ഷകരുടെ പ്രതീക്ഷയാണ് അസ്തമിച്ചു പോകുന്നത്. കുരുമുളക്, നെല്ല്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കെല്ലാം വിവിധ രോഗങ്ങളാണ്. കുരുമുളകിന് തണ്ട് ചീയല്‍ പോലുള്ള രോഗങ്ങള്‍ ഇത്തവണത്തെ വിളവെടുപ്പിനെ കാര്യമായി ബാധിച്ചിരുന്നു. ജില്ലയിലെ നീലേശ്വരം, ചെറുവത്തൂര്‍, കാഞ്ഞങ്ങാട്, അജാനൂര്‍, മടിക്കൈ, മംഗല്‍പാടി എന്നിവിടങ്ങളിലായി 257 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിക്കാണ് നാശം സംഭവിച്ചത്. 

ജില്ലയില്‍ കുലച്ച് നില്‍ക്കുന്ന 44,619നേന്ത്രവാഴകളാണ് നശിച്ചത്. മടിക്കൈ പഞ്ചായത്തിലാണ് നേന്ത്രവാഴകൃഷിക്ക് വ്യാപക നാശം ഉണ്ടായിട്ടുള്ളത്. പതിനായിരത്തിലധികം കുലച്ച വാഴകളാണ് മടിക്കൈ പഞ്ചായത്തില്‍ മാത്രം അതിശക്തമായ കാറ്റിലും മഴയിലും വീണത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലും നാലായിരത്തിലധികം നേന്ത്രവാഴകള്‍ നശിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ജില്ലയില്‍ 5,146തെങ്ങുകളും ശക്തമായ മഴയില്‍കടപുഴകി വീണിരുന്നു. കാസര്‍കോട് താലൂക്കിലാണ് കൂടുതലും തെങ്ങുകള്‍ക്ക് നാശം സംഭവിച്ചിട്ടുള്ളത്.

രോഗങ്ങള്‍ ശക്തമായി കാര്‍ഷിക മേഖലക്ക് ഭീഷണിയാവുമ്പോഴും കൃഷി വകുപ്പോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളോ ഒന്നും ചെയ്യുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad