കാസര്‍കോട് (www.evisionnews.co): പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി സെപ്തംബര്‍ 18ലേക്ക് മാറ്റിവെച്ചു. കേസില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം പൂര്‍ത്തിയായിട്ടില്ല. വധക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരനെ രണ്ടുദിവസങ്ങളിലായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിസ്തരിച്ചിരുന്നു. പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റു തൊണ്ടിമുതലുകളും അന്വേഷണ ഉദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞു.
കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിനെ നയിച്ചിരുന്നത് പി.കെ സുധാകരനായിരുന്നു. വിസ്താരം അവസാനിക്കുന്നതോടെ കേസിന്റെ വിചാരണ പൂര്‍ത്തിയാകും. അതേസമയം വിചാരണ കോടതി സെപ്തംബര്‍ 18ലേക്ക് മാറ്റിവെച്ചു. അന്ന് പി.കെ സുധാകരനെ വീണ്ടും വിസ്തരിക്കും.
2017 മാര്‍ച്ച് 20ന് അര്‍ദ്ധ രാത്രിയോടെയാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ ജില്ലാ കോടതിയില്‍ രണ്ടാംതവണയും ഹരജി നല്‍കിയിരുന്നു. ഈ ഹരജിയില്‍ ഇതുവരെ തീരുമാനമൊന്നുമുണ്ടായിട്ടില്ല.

Post a Comment
0 Comments