കാസര്‍കോട് (www.evisionnews.co): പൊട്ടിപ്പൊളിഞ്ഞ തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയ പാത (എന്‍.എച്ച് 66) നന്നാക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് (മോര്‍ത്ത്) വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബാലകൃഷ്ണ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച ഉറപ്പ് കിട്ടിയത്. യോഗത്തില്‍ റോഡിന്റെ ശോചനീയാവസ്ഥ പ്രതി ബാധിക്കുന്ന സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് എം.പി സമര്‍പ്പിച്ചു. കുഴിയടക്കല്‍ ശാശ്വത പരിഹാരമല്ലെന്നും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന റീ ടാറിങ്ങ് നടത്തണമെന്നും എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ദേശീയപാത നന്നാക്കുന്നതിന് അനുവദിച്ച പണം ഉപയോഗിച്ച് പണിപൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന കാര്യം കേന്ദ്ര ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തതായി ഉണ്ണിത്താന്‍ പറഞ്ഞു.എന്നാല്‍ ഇത് വരെ പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്രത്തിന് നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പുതിക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചാലുടന്‍ എത്ര പണം വേണമെങ്കിലും അനുവധിക്കാമെന്നും പണത്തിന്റെ കുറവ്മൂലം പണി നടക്കാതിരിക്കില്ലെന്നും ദേശീയപാത അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബാലകൃഷ്ണ പറഞ്ഞതായും ഉണ്ണിത്താന്‍ പറഞ്ഞു. പുതുക്കിയ എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കി നല്‍കാന്‍ കേരള സര്‍ക്കാരിനോട് കേന്ദ്ര ഉപരി തല ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
തലപ്പാടി-കാലിക്കടവ് ദേശീയ പാത നന്നാക്കാത്തതിനെതിരെ കഴിഞ്ഞ ഇരുപതിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി 24 മണിക്കൂര്‍ നിരാഹാര സമരം നടത്തിയിരുന്നു ഇതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ യോഗം വിളിച്ച് ചേര്‍ത്തത്. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് പുറമെ കോണ്‍ഗ്രസ്സ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പി, ദേശീയ പാത റീജിണല്‍ സൂപ്രണ്ടിങ്ങ് എന്‍ജിനിയര്‍ കേരള വി.വി ശാസ്ത്രി ചീഫ് എന്‍ജിനിയര്‍ കേരള (പി.ഡബ്ല്യു.ഡി) അശോക് കുമാര്‍ എന്നിവരും പങ്കെടുത്തു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിന് മുമ്പായി കേരള പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ സന്ദര്‍ശിച്ചു.എം.പിയുടെ ജനകീയ സമരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തില്‍ നിന്ന് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞതായും മന്ത്രി പറഞ്ഞു.കേരളത്തിന് വേണ്ടി ജനകീയ സമരത്തിന് നേതൃത്വം എം.പി വഹിക്കുക വഴി കേന്ദ്ര ശ്രദ്ധ പിടിച്ച് പറ്റിയെന്നും അതിനാല്‍ തന്നെ എം.പിയെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല. സന്ദര്‍ശനത്തെ തുടര്‍ന്ന് പി.ഡബ്ല്യു.ഡി പ്രതിനിധിയായി അശോക് കുമാറിനെ യോഗത്തിനയക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Post a Comment
0 Comments