
ദേശീയം (www.evisionnews,.co): മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സി.ബി.ഐ കോടതിയാണ് ചിദംബരത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇതോടെ അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും.
സെപ്തംബര്‍ 19 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇതോടെ 14 ദിവസം ചിദംബരം തിഹാര്‍ ജയിലില്‍ കഴിയണം. ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് നേരത്തേ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയില്‍ ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തിനെതിരെയുള്ള കുറ്റങ്ങള്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് സുപ്രീംകോടതി തീരുമാനിച്ചത്. ഇപ്പോള്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഇതോടെ നിലവില്‍ സി.ബി.ഐ കസ്റ്റഡിയില്‍ റിമാന്‍ഡിലുള്ള ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റിന് അറസ്റ്റ് ചെയ്യാം. ചോദ്യം ചെയ്യലിന് വിധേയനുമാക്കാം. ഇതേത്തുടര്‍ന്ന് സിബിഐയുടെ അറസ്റ്റിനെതിരെ ചിദംബരം നല്‍കിയ ഹര്‍ജി ചിദംബരത്തിന്റെ അഭിഭാഷകര്‍ പിന്‍വലിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി ദില്ലി ഹൈക്കോടതി നല്‍കിയ അന്ന് തന്നെ സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുമുമ്പ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്.
Post a Comment
0 Comments