കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ പനയാല്‍ വെളുത്തോളിയിലെ സുബീഷ് എന്ന മണി (29) പ്രമുഖക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ആളൂര്‍ മുഖാന്തിരം നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. പ്രതിക്ക് വേണ്ടി ആളൂര്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് കോടതിയില്‍ ഹാജരായത്. സുധീഷിന് ജാമ്യം ലഭിക്കുന്നതിനായി ആളൂര്‍ ശക്തിയുക്തം വാദിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വാദിച്ചു.
തന്റെ കക്ഷി കേസിലെ മറ്റ് പ്രതികളുമായി ചേര്‍ന്ന് കുറ്റകൃത്യം നടത്തിയിട്ടില്ലെന്നും സംഭവ സമയത്ത് വേറൊരു സ്ഥലത്താണ് ഉണ്ടായിരുന്നതെന്നും ആയുധങ്ങളും മറ്റും കൈവശം വെച്ചിട്ടില്ലെന്നുമാണ് അഡ്വ. ആളൂര്‍ കോടതിയില്‍ വാദമുഖം നിരത്തിയത്. ഇരട്ടക്കൊലപാതകം നടന്ന് ആഴ്ചകള്‍ പിന്നിട്ട ശേഷം 2019 മാര്‍ച്ച് 16നാണ് സുധീഷ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. പിന്നീട് മറ്റ് പ്രതികള്‍ക്കൊപ്പം സുധീഷിനെയും അന്വേഷണസംഘം പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ചെറിയൊരു കാലയളവിലെ അന്വേഷണം മാത്രമാണ് തന്റെ കക്ഷിക്കെതിരെ നടത്തിയതെന്നും കേസിലെ മറ്റ് പ്രതികള്‍ പറഞ്ഞ് കൊടുത്ത മൊഴിയല്ലാതെ നേരിട്ട് പങ്കെടുത്തതിന് യാതൊരു തെളിവും ഇല്ലെന്നും ആളൂര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ആളൂരിന്റെ ഈ വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി. വി ജയരാജ് കോടതിയില്‍ വാദിച്ചു.
സുബീഷ് എന്ന മണി അഡ്വ.ബി.എ. ആളൂര്‍ മുഖാന്തിരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യ ഹരജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി . കേസിലെ വിചാരണ ഉടന്‍ ആരംഭിക്കാനിരിക്കെ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ വീണ്ടും ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധീനിക്കാനും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്താനും അതുവഴി കേസിലെ നിര്‍ണ്ണായകമായ സാക്ഷിമൊഴികളും തെളിവുകളും നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ. എസ് പി. പി. എം. പ്രദീപ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രതിക്ക് രാഷ്ട്രീയമായി വലിയ സ്വാധീനമുണ്ടെന്നും മുമ്പും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് ഒളിവില്‍ പോയ സുബീഷിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം 2019 മെയ് 16ന് മംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കപ്പെട്ടതിനെ തുടര്‍ന്ന് റിമാന്റിലായ സുബീഷിനെ പിന്നീട് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയായിരുന്നു. കൊലപാതകത്തിനായി മറ്റു പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് സുബീഷ് ഉപയോഗിച്ച ഇരുമ്പ് പൈപ്പ് പൊട്ടക്കിണറ്റില്‍ എറിഞ്ഞിരുന്നുവെന്നും ഈ പൈപ്പ് മറ്റ് ആയുധങ്ങള്‍ക്കൊപ്പം ബന്തവസിലെടുത്തിരുന്നുവെന്നും കൃത്യത്തിന് ശേഷം വസ്ത്രം കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും പ്രതി ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടികൂടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
സുബീഷിന്റെ മൊബൈല്‍ ഫോണ്‍, പാസ്‌പോര്‍ട്ട്, ഫ്‌ളൈറ്റ് ടിക്കറ്റ് മുതലായവയും കണ്ടെടുത്തിരുന്നു. ഇരട്ടക്കൊലപാതകം നടന്ന 2019 ഫെബ്രുവരി 17ന് മൂന്ന് ദിവസം മുമ്പ് ശരത്തിനെയും കൃപേഷിനെയും വധിക്കാനുള്ള പദ്ധതി തയാറാക്കാനായി ഏച്ചിലടുക്കം ബസ് സ്റ്റോപ്പില്‍ വെച്ച് മറ്റു പ്രതികള്‍ക്കൊപ്പം സുബീഷും ഒത്തുകൂടിയെന്നും ക്രിമിനല്‍ ഗൂഡാലോചനയില്‍ എട്ടാം പ്രതിക്ക് വ്യക്തമായ പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Post a Comment
0 Comments