
കാസര്‍കോട് (www.evisionnews.co): ഇടിത്തീയായി വന്ന മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതോടെ ജില്ലയിലെ നിരത്തുകളിലെ നിയമ ലംഘനങ്ങള്‍ക്ക് അയവുവരുന്നതായി റിപ്പോര്‍ട്ട്. പരിശോധന കര്‍ശനമാക്കുകയും വന്‍തുക പിഴയായി ഈടാക്കുകയും ചെയ്തു തുടങ്ങിയതോടെ ഹെല്‍മെറ്റ് ധരിക്കാതെയും ലൈസന്‍സില്ലാതെയും വാഹനങ്ങളോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവുന്നതായാണ് മോട്ടോര്‍ വകുപ്പ് അധികൃതര്‍ പറയുന്നത്.
ദേശീയ പാതയിലും സംസ്ഥാന പാതയിലും മോട്ടോര്‍ വാഹന വകുപ്പിന്റെ അഞ്ചു സ്‌ക്വാഡുകളും മറ്റിടങ്ങളില്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുള്ളത്. ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഈ ഇനത്തില്‍ 2.28 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തു. പരിശോധനാ സമയത്ത് പിഴതുക നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ ആര്‍.ടി ഓഫീസുകളില്‍ പിഴയടക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത ദിവസത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മോട്ടോര്‍ വാഹന വകുപ്പിന് പുറമെ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹെല്‍മറ്റ് വെക്കാത്തതിന് 52പേരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 19പേരെയും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 13 പേരെയും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് അഞ്ചുപേരെയുമാണ് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരില്‍ നിന്ന് 1000 രൂപ വീതമാണ് പിഴയീടാക്കുന്നത്. ലൈസന്‍സില്ലാതെ വാഹനങ്ങളോടിക്കുന്നവരില്‍ നിന്ന് 5000രൂപ മുതല്‍ 10,000രൂപ വരെ പിഴയീടാക്കുന്നു.
Post a Comment
0 Comments