കാസര്‍കോട് (www.evisionnews.co): സംഘ്പരിവാര്‍ സംഘടനകളുടെ ശക്തികേന്ദ്രമായ താളിപ്പടുപ്പിനടുത്ത് സ്ഥിതി ചെയ്യുന്ന ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചുവെന്ന ആരോപണം സംശയകരമാണെന്നും ഇത് സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ട് വരാന്‍ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കല്ലാതെ മറ്റാര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത പാര്‍ട്ടി കേന്ദ്രത്തിലാണ് പാര്‍ട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നത്. പുറത്തുനിന്നും ആരെങ്കിലും വന്ന് ഓഫീസ് ആക്രമിച്ചുവെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ല. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ ധ്രുവീകരണം നടത്തി രാഷ്ടീയ മുതലെടുപ്പ് നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ഓഫീസ് ആക്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ കുറേമാസമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ്് മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ മുക്കിലുംമൂലയിലും ചെന്ന് വര്‍ഗീയ ചേരിതിരിവ് വരുത്തുന്ന രീതിയിലുള്ള പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളുമാണ് നടത്തിവന്നത്. ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാവുമെന്ന വിശ്വാസത്തോടെയാണ് കുളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ വലിയ തോതില്‍ വിഭാഗീയത അരങ്ങേറുകയും ജില്ലാ പ്രസിഡന്റ്ിന് മഞ്ചേശ്വരത്ത് സീറ്റ് നഷ്ടപ്പെടുമെന്ന സ്ഥിതി സംജാതാവുകയും ചെയ്ത സമയത്താണ് ഓഫീസ് അക്രമമെന്നത് കൂട്ടിവായിക്കേണ്ടി വരുമെന്നും ഇക്കാര്യത്തില്‍ പോലീസ് ജാഗ്രതയോട് കൂടി അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ട് വരണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments