Type Here to Get Search Results !

Bottom Ad

ആകാശ യാത്രയില്‍ 'മാലാഖയായി' ഫാത്തിമ: യുവാവിന് തിരിച്ചുകിട്ടിയത് പുതുജീവന്‍


ദുബൈ (www.evisionnews.co): ആകാശ യാത്രയില്‍ ആശ്വാസമായി സ്വദേശി വിദ്യാര്‍ത്ഥിനി. അബോധാവസ്ഥയിലായ യുവാവിന് അടിയന്തര ചികിത്സ നല്‍കിയാണ് ഫാത്തിമ അബ്ദുല്‍ അസീസ് അന്നഖ്ബി യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും സന്തോഷം സമ്മാനിച്ചത്. തായ് എയര്‍ലൈന്‍സ് വിമാനത്തില്‍ ബാങ്കോക്കില്‍ നിന്നും ദുബൈലേക്ക് മടങ്ങവേയാണ് അറിവ് അനുഭവമാക്കാന്‍ ഫാത്തിമയ്ക്ക് അവസരം ലഭിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരു സ്വദേശി യുവാവ് അബോധാവസ്ഥയിലായി. യാത്രക്കാര്‍ വിഷമസന്ധിയിലുമായി.

യാത്രക്കാരന്റെ ശാരീരിക പ്രശ്‌നങ്ങളറിയാതെ വിമാന ജീവനക്കാരും പരിഭ്രാന്തിയിലായ സാഹചര്യം. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായ സ്ഥിതി. ആംബുലന്‍സ് സേവനത്തിനു പഠിച്ചു കൊണ്ടിരിക്കുന്ന ഫാത്വിമയ്ക്ക് അപ്പോള്‍ യുവാവിനെ പരിചരിക്കേണ്ടി വന്നു. അബോധാവസ്ഥയുടെ അടയാളങ്ങള്‍ മനസ്സിലാക്കുകയും പ്രാഥമിക ദേഹപരിശോധനയും കഴിഞ്ഞപ്പോള്‍ രോഗി പ്രമേഹ പ്രയാസങ്ങള്‍ അലട്ടുന്ന ആളായിരിക്കുമെന്ന നിഗമനത്തിലെത്തി. ഇനി വേണ്ടത് രോഗിയുടെ രക്ത പരിശോധനയാണ്.

വിമാനത്തിന്റെ ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാനുള്ള ഉപകരണം ഇല്ലായിരുന്നു. ഉടന്‍ വിമാനത്തിലെ മൈക്ക് പോയന്റിലെത്തി അനൗണ്‍സ് ചെയ്തു. യാത്രക്കാരുടെ ആരുടെയെങ്കിലും വശം പ്രമേഹ പരിശോധന ഉപകരണം ഉണ്ടോ എന്ന് അന്വേഷിച്ചു. ഭാഗ്യത്തിന് യാത്രക്കാരിലൊരാള്‍ സഹായിച്ചു .രക്തത്തില്‍ പഞ്ചസാരയുടെ തോത് കുറഞ്ഞതാണ് ബോധക്ഷയത്തിനു കാരണമെങ്കില്‍ അതു സമതുലമാക്കാനുള്ള ഔഷധം നല്‍കാനായിരുന്നു പരിശോധന. വിമാന ജീവനക്കാര്‍ ഇന്‍സുലീന്‍ കൊണ്ടുവന്നു. ഇതു നല്‍കിയതോടെ യുവാവ് സാവധാനം കണ്ണു തുറന്നു. വിമാന ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും മധ്യത്തില്‍ യുവാവ് മിഴി തുറന്നതോടെ വിമാനത്തിലെ സംഭ്രമം മാറി സന്തോഷം തിരിച്ചുവന്നു. 

ഷാര്‍ജയിലെ ഹെയര്‍ കൊളെജസ് ഓഫ് ടെക്‌നോളജിയിലെ അടിയന്തര വൈദ്യ വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയാല്‍ ദുബൈ ആംബുലന്‍സില്‍ ജോലി ഉറപ്പായി. ഇതു സംബന്ധിച്ച കരാറില്‍ ഫാത്തിമ ഒപ്പുവച്ച് കഴിഞ്ഞു. സ്വപ്നസാഫല്യം പോലെയാണ് ദുബൈ ആംബുലന്‍സ് ജോലിയെ ഈ സ്വദേശി വിദ്യാര്‍ത്ഥിനി കാണുന്നത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad