ലഖ്നൗ (www.evisionnews.co): കുട്ടികളെക്കൊണ്ട് സ്‌കൂള്‍ അധ്യാപകര്‍ തറതുടപ്പിച്ചത് ഫോട്ടോ എടുക്കുകയും പോലിസില്‍ പരാതിപ്പെടുകയും ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അസംഗര്‍ ജില്ലയിലാണ് സംഭവം. സന്തോഷ് ജൈസ്വാള്‍ എന്ന മാധ്യമ പ്രവര്‍ത്തകനെയാണ് ഊദ്പുര്‍ പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിചെയ്യുന്നതില്‍ നിന്നും തടസ്സപ്പെടുത്തി എന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. ഇതിനെതിരെ ഒരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.പി സിംഗിന് പരാതി നല്‍കി.
കുട്ടികളെക്കൊണ്ട് തറതുടപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് ജൈസ്വാള്‍ ഇതിന്റെ ഫോട്ടോ എടുക്കുകയും പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്റ്റേഷനിലേക്ക് സ്‌കൂളിന്റെ പ്രധാനധ്യാപകനെയും ജൈസ്വാളിനെയും സ്റ്റേഷനില്‍ വിളിപ്പിക്കുന്നു. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് സ്‌കൂളിലെ അധ്യാപകരുടെ ജോലി തടസ്സപ്പെടുത്തി എന്ന പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

Post a Comment
0 Comments