കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സബ് ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ കുട്ടികളെ മത്സരിപ്പിച്ചതായി പരാതി. കാസര്‍കോട് ഗവ. കോളജിന് പിറകു വശത്തുള്ള ഗ്രൗണ്ടിലാണ് ഇന്ന് രാവിലെ സബ് ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള കായികമേള ആരംഭിച്ചത്. മത്സരാര്‍ത്ഥികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയാണ് മത്സരം സംഘടിപ്പിച്ചത്.
ജേഴ്സി പോലുമില്ലാതെ പൊരിവെയിലില്‍ വിയര്‍ത്ത് കുളിച്ചാണ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുത്ത ആണ്‍കുട്ടികളില്‍ പലരും ഗ്രൗണ്ടിലിറങ്ങിയത്. വിവരമറിഞ്ഞെത്തിയ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ജേഴ്സിയില്ലാത്ത കുട്ടികള്‍ക്ക് ധരിക്കാന്‍ ടീ ഷര്‍ട്ട് നല്‍കണമെന്നും പൊരിവെയിലില്‍ ഏറെസമയം മത്സരിപ്പിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. മത്സരത്തിനുള്ള സൗകര്യത്തിനായി ഗ്രൗണ്ടുകള്‍ പോലും ചെത്തി വൃത്തിയാക്കുകയോ അടയാളം രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല.
ജില്ലയിലെ വിദ്യാഭ്യാസ അധികൃതരാണ് പെട്ടെന്ന് ഇങ്ങനെയൊരു കായിക മത്സരം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും അതിനാല്‍ മുന്നോരുക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെന്നും ജില്ലാതല മത്സരം ഉടന്‍ നടക്കുന്നതിനാല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നുമാണ് മത്സരത്തിന് മേല്‍നോട്ടം വഹിക്കുന്നവരുടെ പ്രതികരണം. കുട്ടികളെ ജേഴ്സി നല്‍കാതെ മത്സരിപ്പിച്ചതടക്കമുള്ള ബാലാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനിരിക്കുകയാണ് ചൈല്‍ഡ് ലൈന്‍.

Post a Comment
0 Comments