Type Here to Get Search Results !

Bottom Ad

ഇന്നും നാളെയും ജില്ലയില്‍ മഴ കനക്കും: ചെരിവുകളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണമെന്ന് കലക്ടര്‍


കാസര്‍കോട് (www.evisionnews.co): കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബളാല്‍, കോടോംബേളൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തുകളിലെ ചെങ്കുത്തായ ചെരിവുകളില്‍ താമസിക്കുന്നവര്‍ തിങ്കളാഴ്ച വരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ദയവായി ജനങ്ങള്‍ പ്രസിഡണ്ടുമാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഉരുള്‍പ്പൊട്ടല്‍, മലയിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ മാറി താമസിക്കണം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്നും കളക്ടര്‍ അറിയിച്ചു

അടുത്ത 24 മണിക്കൂറില്‍ 115 മുതല്‍ 204.5 മില്ലീമീറ്റര്‍ വരെ മഴയ്ക്കുള്ള സാധ്യതയാണ് കാസര്‍കോട് ജില്ലയില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.




അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍ 

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 മുതല്‍ 7 വരെ) മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക, മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാനന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങളള്‍ നിര്‍ത്തരുത്.

മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക,സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്, ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്, പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.

പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. 

തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില്‍ മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കുക. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക. ജലം കെട്ടിടത്തിനുള്ളിലല്‍ പ്രവേശിച്ചാല്‍, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക, ജില്ലാ എമെര്‍ജന്‍സി ഓപ്പറേഷന്സ് സെന്റര് നമ്പരുകള്‍ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് എസ്ടിഡി കോഡ് ചേര്ക്കുക, പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര് കയ്യില് സൂക്ഷിക്കുക.

വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.

വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക. വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്ക് പൊതുവില്‍ നീന്താന്‍ അറിയുമെന്നോര്‍ക്കുക. വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക.

താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളില്‍ ഉള്ളവര്‍ ഫ്ലാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക. ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാല്‍ പരമാവധി പ്രയാസങ്ങള്‍ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം. കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെര്‍ട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad