ദുബൈ (www.evisionnews.co): കുറെ വര്‍ഷങ്ങളായി മംഗലാപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും മലയാളികളായ പ്രവാസി യാത്രക്കാര്‍ വിമാനത്താവള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും നേരിടുന്ന കടുത്ത പീഡനം ഇന്നും അവസാനിക്കാതെ നിര്‍ബാധം തുടരുന്നു എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. മലയാളി യാത്രക്കാരോട് കാണിക്കുന്ന ഇത്തരം വിവേചനം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലപ്രദമായ പരിഹാരം കണ്ടിട്ടില്ല. എമിഗ്രേഷന്‍, കസ്റ്റംസ് തുടങ്ങി വിമാനത്താവളത്തിലെ മറ്റു ഉദ്യോഗസ്ഥര്‍ വരെ മലയാളി യാത്രക്കാരെ തിരഞ്ഞു പിടിച്ചു പീഡിപ്പിക്കുന്നു എന്നത് പ്രതിഷേധാര്‍ഹമാണെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പാസ്‌പോര്‍ട്ടിലെ വിസ പേജ് പറിച്ചു കളഞ്ഞത് ഉള്‍പ്പടെയുള്ള നിരവധി പരാതികള്‍ നല്‍കിയിട്ടും എന്തുകൊണ്ട് ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ ഒന്നും എടുക്കുന്നില്ല എന്നതില്‍ ദുരൂഹതയുണ്ട്. സ്ത്രീകളായ യാത്രക്കാര്‍ വരെ ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാവുന്നു. എന്തെങ്കിലും സംശയത്തിന്റെ പേരില്‍ യാത്രക്കാരോട് ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണങ്ങളും ചോദ്യങ്ങളും മാന്യത നിറഞ്ഞ രീതിയിലും ഭാഷയിലും ആയിരിക്കണം. കാസര്‍കോട് ജില്ലയിലുള്ള പ്രവാസികള്‍ വീടില്‍ നിന്നും
അടുത്തുള്ള വിമാനത്താവളം എന്ന സൗകര്യം കണക്കാക്കിയാണ് മംഗലാപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. ഇത്തരത്തില്‍ പീഡനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ഒന്നും എടുക്കാതെ തല്‍സ്ഥിതി തുടര്‍ന്നാല്‍ യാത്രക്കാര്‍ കുറയുക വഴി വിമാനത്താവളത്തിന്റെ ഭാവി വികസനത്തെ സാരമായി ബാധിക്കുന്നതാണ്.
ഈവിഷയത്തില്‍ അധികൃതര്‍ ഉടന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് ജില്ലാ കെ.എം.സി.സി ആവശ്യപ്പെടുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രിക്ക് ഇമെയില്‍ ചെയ്യാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഓണ്‍ലൈന്‍ മീറ്റില്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി.ആര്‍ ഹനീഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റി ഭാരവാഹികളായ മഹ്്മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, റഷീദ് ഹാജി കല്ലിങ്കാല്‍, എന്‍.സി മുഹമ്മദ്, അബ്ദുല്‍ അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ്, അഡ്വ. ഇബ്രാഹിം ഖലീല്‍, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, സെക്രട്ടറിമാരായ ഹസൈനാര്‍ ബീജന്തടുക്ക, ഷരീഫ് പൈക്ക, സലാം തട്ടാന്‍ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, അഷ്റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍ പങ്കെടുത്തു.

Post a Comment
0 Comments