
ഇടുക്കി (www.evisionnews.co): ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അപകട സുചനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് പെരിയാറിന്റെ തീരത്തുള്ളവരുടെ നെഞ്ചിടിപ്പ് ഉയരുമ്പോഴും യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ നടപടിയില്ല. മഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിറയും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായി മഴ പെയ്താല്‍ പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം മതി. ഇപ്പോള്‍ ജലനിരപ്പ് 131 അടിയാണ്. എന്നാല്‍ മുല്ലപ്പെരിയാറിലെ അപകടസൂചനാ മുന്നറിയിപ്പു സംവിധാനങ്ങളെല്ലാം തകരാറിലായിട്ടു വര്‍ഷങ്ങള്‍ ഏറെയായി. ഡാമില്‍ ജലനിരപ്പ് 136 അടിയാകുമ്പോള്‍ തന്നെ കലക്ടേറ്റുമായി ബന്ധിപ്പിച്ച് മുന്നറിയിപ്പ് നല്‍കാന്‍ മുല്ലപ്പെരിയാര്‍- വള്ളക്കടവ്, പീരുമേട് താലൂക്ക് ഓഫീസ് മഞ്ചുമല, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പ്രദേശങ്ങളില്‍ 'ഏര്‍ളി വാണിങ് സിസ്റ്റം' സ്ഥാപിച്ചിരുന്നു. 2012 ല്‍ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനം, ഗുണനിലവാരമില്ലായ്മ മൂലം ഒരു ദിവസം മാത്രമാണ് പ്രവര്‍ത്തിച്ചത്. രണ്ടു മാസം കഴിഞ്ഞപ്പോള്‍ ആന്റിനയും നിലംപൊത്തി.
അപകട സുചനാ മുന്നറിയിപ്പ് സംവിധാനങ്ങളുടെ തകരാറ് മാറ്റാനോ പുതിയവ സ്ഥാപിക്കാനോ ജില്ലാ ഭരണകൂടവും സര്‍ക്കാരും ഒരു നടപടിയും സ്വീകരിച്ചില്ല. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുമ്പോള്‍ പെരിയാര്‍ തീരങ്ങളിലൂടെയുള്ള റോഡുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുക, എസ്റ്റേറ്റുകളിലെ ഗേറ്റുകള്‍ തുറന്നിടുക, കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുക തുടങ്ങിയ തീരുമാനങ്ങളും അന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
Post a Comment
0 Comments