കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ നൂറുക്കണക്കിന് രോഗികള്‍ അനുഭവിക്കുന്ന വേദനയെയും ദുരവസ്ഥയെയും തള്ളിപ്പറുയുകയും എന്‍ഡോസള്‍ഫാന്‍ ദുരിതം കെട്ടുകഥയെന്ന് പ്രചരിപ്പിക്കുകയും ചെയ്ത ജില്ലാ കലക്ടറുടെ നിലപാട് അനുചിതവും നിയമ വ്യവസ്ഥയോടുള്ള അനാദരവും വെല്ലുവിളിയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.
മൂന്നുപതിറ്റാണ്ട് കാലമായി എന്‍ഡോസള്‍ഫാന്‍ തളിച്ചതു മൂലമുണ്ടായ ദുരന്തത്തിന്റെ ദുരിതംപേറുന്ന ഇരകളെയും കുടുംബങ്ങളെയും അപമാനിക്കുന്ന തരത്തില്‍ നിരന്തരമായ പ്രസ്താവനകളും നിഗമനങ്ങളും നടത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കലക്ടറുടെ നിലപാട് സംശയാസ്പദമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായി സര്‍ക്കാര്‍ രൂപീകരിച്ച എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ആന്റ് റമഡിയേഷന്‍ സെല്ലിന്റെ കണ്‍വീനറായ കലക്ടര്‍ തന്നെ ഇരകളെ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ ജില്ലാ ഭരണകൂടം കടുത്ത അനാസ്ഥയാണ് കാണിച്ചത്. വെള്ളക്കെട്ടില്‍ ദുരിതം പേറി പുനരധിവാസ കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ക്ക് ആശ്വാസം പകരാന്‍ പോലും തയ്യാറായില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലാണ്. പനി ബാധിച്ച് അഞ്ച് പിഞ്ചു കുട്ടികളാണ് ജില്ലയില്‍ മരിച്ചത്. കാസര്‍കോട് ബെദിരയിലടക്കം വിവിധ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം ബാധിച്ച് നൂറു കണക്കിന് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിസ്സംഗത അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ രൂക്ഷമായ പ്രളയ ദുരിതബാധയും നാശനഷ്ടങ്ങളും, മരണങ്ങളും ഉണ്ടായിട്ടും ജില്ലക്കാരനായ റവന്യു മന്ത്രി തിരിഞ്ഞ്‌നോക്കാത്തത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് യോഗം കുറ്റപ്പെടുത്തി. റവന്യൂ റീ സര്‍വേയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വില്ലേജുകളില്‍ നടത്തിയ സര്‍വേ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ അപാകതകള്‍ കാരണം നൂറുകണക്കിന് സ്ഥല ഉടമകള്‍ വലിയ പ്രയാസം അനുഭവിക്കുകയാണ്. ഇതുകാരണം റവന്യൂ നികുതി അടക്കാനോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ സ്ഥലക്രയവിക്രയം നടത്താനോ വായ്പകള്‍ക്ക് അപേക്ഷിക്കാനോ കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. ചിന്തകനും എഴുത്തുകാരനും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുന്‍ പത്രാധിപരുമായിരുന്ന എം.ഐ തങ്ങളുടെയും മൂസ ബി. ചെര്‍ക്കളയുടെ മാതാവ് ബിഫാത്തിമ ഹജ്ജുമ്മയുടെയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, എ.ജി.സി ബഷീര്‍, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.എം കടവത്ത്, എം.പി ജാഫര്‍, എം. അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി, എ.ബി ഷാഫി, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എല്‍.എ മഹമൂദ് ഹാജി, സി. മുഹമ്മദ് കുഞ്ഞി, ഹനീഫ ഹാജി പൈവളികെ, യു.എച്ച്. അബ്ദുല്‍ റഹ്മാന്‍, യൂസുഫ് ഹേരൂര്‍, അബൂബക്കര്‍ പെര്‍ദ്ദണ, മാഹിന്‍ കേളോട്ട്, ഹാരിസ് ചൂരി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, പി.എ. റഹ്മാന്‍, കാപ്പില്‍ മുഹമ്മദ് പാഷ, കെ. ശാഫി ഹാജി, ടി.കെ. പൂക്കോയ തങ്ങള്‍, എം. അബ്ദുല്ല മുഗു, അബ്ബാസ് ഓണന്ത, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, എ.പി ഉമ്മര്‍, അഡ്വ. പി.എ ഫൈസല്‍, കെ.പി. മുഹമ്മദ് അഷ്‌റഫ്, അന്‍വര്‍ ചേരങ്കൈ, അഷ്‌റഫ് പള്ളിക്കണ്ടം, ഖാദര്‍ ചെങ്കള, ലുഖ്മാന്‍ തളങ്കര, ഇര്‍ഷാദ് മൊഗ്രാല്‍, ആയിഷത്ത് താഹിറ, പി.പി നസീമ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Post a Comment
0 Comments