കൊച്ചി (www.evisionnews.co): ശക്തമായ മഴ തുടരുന്നു. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ചയും റെഡ് അലേര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയും ഈ ജില്ലകളില്‍ റെഡ് അലേര്‍ട്ടുണ്ടായിരുന്നു. അതേസമയം റെഡ് അലേര്‍ട്ടുണ്ടായിരുന്ന എറണാകുളം , ഇടുക്കി, പാലക്കാട് , മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഞായറാഴ്ച മഴയുടെ ത്രീവത കുറയും. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട്, ജില്ലകളില്‍ ഓഗസ്റ്റ് 13,14 തീയതികളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്. ഈ ദിവസങ്ങളില്‍ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ഈ ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയും. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മി.മീ വരെ) അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്.
റെഡ്, ഓറഞ്ച് , യെല്ലോ അലേര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും പോയ വര്‍ഷത്തെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെയ്ക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം. അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

Post a Comment
0 Comments