കുമ്പള (www.evisionnews.co): മേര്‍ക്കളയില്‍ രണ്ടുവീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. മേര്‍ക്കള മണ്ടേക്കാപ്പിലെ മുഹമ്മദ് അഫ്സല്‍ (19), ഉമറുല്‍ ഫാറൂഖ് (20) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവന്‍ വലിയവളപ്പ്, എസ്.ഐ എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചമുമ്പ് മേര്‍ക്കളയിലെ സുഹ്റയുടെ വീട്ടില്‍ നിന്ന് 17,000 രൂപയും ലാപ്ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്നതുള്‍പ്പെടെ രണ്ടു കേസുകളിലാണ് അറസ്റ്റ്. സുഹ്റയുടെ വീട്ടില്‍ നിന്ന് കവര്‍ന്ന ലാപ്ടോപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. ജനല്‍ കമ്പി വളച്ച് അകത്തുകയറിയായിരുന്നു കവര്‍ച്ച.
രണ്ടുമാസം മുമ്പ് മണ്ടേക്കാപ്പിലെ അബ്ദുല്‍ഖാദറിന്റെ വീട്ടില്‍ നിന്ന് അഞ്ച് പവന്‍ സ്വര്‍ണാഭരണം കവര്‍ന്നതായും പരാതിയുണ്ട്. ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് റോഡ്കരയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന രണ്ടു ആടുകളെ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്. മേര്‍ക്കള കുണ്ടങ്കരടുക്കയിലെ ഉപ്പന്‍കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട രണ്ടുപ്രാവശ്യം കുത്തിത്തുറന്ന് പണവും മറ്റും കവര്‍ന്നിരുന്നു.
സുഹ്റയുടെ വീട്ടില്‍ നിന്ന് കവര്‍ന്ന മൊബൈല്‍ ഫോണ്‍ ബന്തിയോട്ട് വില്‍ക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പ്രതികളിലൊരാള്‍ പിടിയിലായത്. മറ്റു കേസുകളില്‍ അന്വേഷണം നടന്നുവരികയാണ്.

Post a Comment
0 Comments