കാസര്‍കോട് (www.evisionnews.co): ഹൊസങ്കടിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മംഗളൂരുവില്‍ കണ്ടെത്തി. ഹൊസങ്കടി മജിര്‍പള്ളം കൊള്ളിയൂരിലെ ഹാരിസി (17)നെയാണ് 22ന് രാവിലെ സഹോദരിയേയും കൊണ്ട് സ്‌കൂട്ടറില്‍ കൊള്ളിയൂര്‍ പദവിലെ മദ്രസയിലേക്ക് പോകുമ്പോള്‍ സ്‌കൂട്ടറിന് കുറുകെ കാര്‍ ഇട്ട് ഹാരിസിനെ ബലമായി പിടിച്ചുകൊണ്ടുപോയത്.
കറുത്ത മാരുതി 800 കാറിലെത്തിയ സംഘം ഹാരിസ് ഓടിച്ച സ്‌കൂട്ടറിന് കുറുകെ കാര്‍ ഇടുകയും ഹാരിസിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഹാരിസിന്റെ അടുത്ത ബന്ധുവിനെ ഗള്‍ഫില്‍ നിന്ന് നാലരകിലോ സ്വര്‍ണം ഒരാള്‍ക്ക് കൈമാറാന്‍ ഏല്‍പ്പിച്ചിരുന്നു. യാത്രക്കിടെ തന്നെ പിന്തുടര്‍ന്നെത്തിയ കസ്റ്റംസ് സംഘം സ്വര്‍ണ്ണം കൊണ്ടുപോവുകയും കസ്റ്റംസ് സംഘത്തിന്റെ കയ്യില്‍ നിന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് അയാള്‍ പറഞ്ഞത്. അതിനിടെ ഗള്‍ഫിലെ സംഘം സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഹാരിസിന്റെ ബന്ധുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ അധോലോക സംഘമെന്ന സംശയത്തെതുടര്‍ന്ന് പൊലീസ് മംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഹാരിസിന്റെ സഹോദരിയുടെ മൊഴി പ്രകാരം കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

Post a Comment
0 Comments