ന്യൂദല്‍ഹി (www.evisionnews.co): കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി രാജ്യസഭയിലും അലയടിച്ചപ്പോള്‍ സമയം പൂര്‍ത്തിയാക്കാതെ സഭ പിരിച്ചുവിട്ടു. എന്നാല്‍ പതിവുപോലെയുണ്ടാകുന്ന രാഷ്ട്രീയപ്രശ്‌നങ്ങളുടെ പേരില്‍ പ്രതിപക്ഷം ബഹളം വെച്ചെന്നല്ല ബി.ജെ.പിയുടെ ആരോപണം. ഇന്നു നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് സെമി ഫൈനല്‍ മത്സരം കാണാന്‍ വേണ്ടിയാണ് ഇതെന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്.
കര്‍ണാടക പ്രശ്‌നവും മറ്റു കാര്യങ്ങളും ഉയര്‍ത്തി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമാണ് സഭയില്‍ ബഹളം വെച്ചത്. എന്നാല്‍ സ്വപന്‍ ദാസ്ഗുപ്ത അടക്കമുള്ള എം.പിമാര്‍ വരെ ഇതിനെതിരെ രംഗത്തെത്തി. അവര്‍ക്ക് ക്രിക്കറ്റ് കാണണമെന്നുള്ളതാണ് ഇതിനു കാരണമെന്നും മറ്റൊരു വിശദീകരണവും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രപതിയുടെ നോമിനിയായാണ് അദ്ദേഹം സഭയിലെത്തിയത്.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരില്‍ ഭിന്നത സൃഷ്ടിച്ചത് ബി.ജെ.പിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ്, കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ജനാധിപത്യം കൊല ചെയ്യപ്പെട്ടെന്നും അവര്‍ ആരോപിച്ചു.
ശൂന്യവേളയില്‍ കര്‍ണാടക പ്രശ്‌നം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു വിസ്സമതിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചതോടെ സഭ രണ്ടുമണിയോടെ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെയ്ക്കുകയായിരുന്നു. മൂന്നുമണിക്കാണ് മത്സരം ആരംഭിച്ചത്. ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ സെമി പോരാട്ടം.
Post a Comment
0 Comments