കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലെ ഒറ്റപ്പെടലില്‍ നിന്ന് ദിവ്യയും ഉഷയും ലീലാവതിയും സന്ധ്യയും തിങ്കളാഴ്ച കതിര്‍മണ്ഡപത്തിലേക്ക്. താലി ചാര്‍ത്തി ഇവരെ പുതു ജീവിതത്തിലേക്ക് കൈ പിടിച്ച് നടത്താന്‍ ഹരിശ്ചന്ദ്രന്‍ എരിക്കുളവും ജിജിലേഷ് കോഴിക്കോടും മണികണ്ഠന്‍ പെരിയയും സതീഷ് കുമാര്‍ കോളിയടുക്കവും തിങ്കളാഴ്ച 11നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ പാഞ്ചജന്യം ഓഡിറ്റോറിയത്തിലെത്തും.
വിവിധ കാരണങ്ങള്‍ കൊണ്ട് പരവനടുക്കത്തെ സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കേണ്ടിവരുന്ന മഹിളകള്‍ക്ക് മംഗല്യ സൗഭാഗ്യം ലഭിക്കുന്നത് ഇതാദ്യമല്ല. ഒന്നര വര്‍ഷം മുമ്പ് ഇവിടെ കെങ്കേമമായി ഒരു വിവാഹം നടന്നിരുന്നു. നാലുപേരുടെ വിവാഹം ഒന്നിച്ച് നടക്കുന്നത് ഇതാദ്യമാണ്. ഞായറാഴ്ച രാത്രി ജനപ്രതിനിധികളും ജില്ലാ കലക്ടറും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ട് വിവാഹ ആഘോഷമുണ്ട്. സദ്യയും പാട്ടുമൊക്കെയുണ്ടാവും. പിറ്റേന്നാണ് താലികെട്ട്.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ കാദര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. വിവാഹച്ചെലവിനായി ഓരോ യുവതിക്കും ഒരു ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇത് കൊണ്ട് രണ്ട് പവന്‍ മാലയും കമ്മലും രണ്ട് വളയും വാങ്ങും. വിവാഹ വസ്ത്രം അടക്കമുള്ളവ കാസര്‍കോട്ടെ ഐവ സില്‍ക്‌സ് നല്‍കും. പാഞ്ചജന്യത്തില്‍ തിങ്കളാഴ്ച അഞ്ഞൂറുപേര്‍ക്കുള്ള വിവാഹ സദ്യ ഒരുക്കും.

Post a Comment
0 Comments