Type Here to Get Search Results !

Bottom Ad

സഹോദരന്റെ മരണത്തില്‍ പക: കൊച്ചിയില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തി


എറണാകുളം (www.evisionnews.co): നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ് വിദ്യന്റെ മകന്‍ അര്‍ജുനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നല്‍കിയിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ ലഹരിക്കച്ചവട സംഘത്തിലെ അംഗങ്ങളാണെന്ന് സൂചന.

ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളില്‍ ഒരാളുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അര്‍ജുന്‍ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്നു. കളമശേരിയില്‍ വച്ച് അപകടത്തില്‍ ബൈക്കോടിച്ചിരുന്നയാള്‍ മരിച്ചു. അര്‍ജുന് സാരമായി പരുക്കേറ്റിരുന്നു. അര്‍ജുന്‍ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അര്‍ജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു. 

സംഭവ ദിവസം പെട്രോള്‍ തീര്‍ന്നുവെന്ന കാരണം പറഞ്ഞ് അര്‍ജുനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മര്‍ദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാള്‍ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ രണ്ടിനു രാത്രി 10ന് വീട്ടില്‍ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളില്‍ കൃത്യം ചെയ്തതായാണു മൊഴി. അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് കൂടുതല്‍ വിവരം പുറത്തുവിട്ടില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad