ബെംഗളുരു (www.evisionnews.co): കര്‍ണാടക സ്പീക്കര്‍ രമേഷ് കുമാറിനെതിരെ വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. രാജി അംഗീകരിക്കാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ചാണ് നീക്കം. ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടെന്നാണ് ഇവര്‍ ഹരജിയില്‍ ആരോപിക്കുന്നത്. ഹരജി നാളെ പരിഗണിക്കും. എം.എല്‍.എമാരുടെ രാജി അംഗീകരിക്കാനാവില്ലെന്ന് സ്പീക്കര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പല രാജിക്കത്തുകളും ശരിയായ ഫോര്‍മാറ്റിലുള്ളതോ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ളതോ അല്ലെന്നും എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ, മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തിയിരുന്നു. ഡി.കെ ശിവകുമാറിനെ ഹോട്ടലിന് ഉള്ളിലേക്ക് കടക്കാന്‍ മുംബൈ പൊലീസ് അനുവദിച്ചില്ല. തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എം.എല്‍.എമാര്‍ മുംബൈ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

Post a Comment
0 Comments