Type Here to Get Search Results !

Bottom Ad

കാസര്‍കോട് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു: രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അമ്പത് കവിഞ്ഞു


കാസര്‍കോട് (www.evisionnews.co): കാസര്‍കോടും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപകമായി പെരുകുന്നു. കാസര്‍കോട് നഗരസഭയിലെ 11,12,14 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ബെദിര പ്രദേശത്താണ് കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ വ്യാപകമായി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച്ച മാത്രം എട്ടുപേര്‍ക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അമ്പത് കവിഞ്ഞു. പരിസരങ്ങളില്‍ വ്യാപകമായ പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രോഗം വ്യാപകമാകുന്നതിന്റെ കാരണങ്ങള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. വയല്‍ നികത്തി വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്താണ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മഞ്ഞപ്പിത്തം
- ഉഷ്ണകാലാവസ്ഥയില്‍ കൂടുതലായി കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ് മഞ്ഞപ്പിത്തം (ഇംഗ്ലീഷ്: Jaundice). ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ് ഇതിന്റെ പ്രകടമായ ലക്ഷണം. ഇത് കരളിനെ ബാധിക്കുന്ന അസുഖമാണ്. കരള്‍ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടേയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തത്തിന് കാരണമായേക്കാവുന്ന ഘടകങ്ങള്‍ നിരവധിയാണ്.

കാരണം
മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം കരള്‍ നിര്‍മ്മിക്കുകയും അത് പിത്താശയത്തില്‍ സംഭരിക്കുകയും ചെയ്യുന്നു. അവിടെനിന്നും അല്പാല്പമായി പിത്തനാളികവഴി ദഹനവ്യൂഹത്തിലെത്തുന്ന ഇത് ആഹാരം ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇങ്ങനെ പിത്തരസം നിര്‍മ്മിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്ന പ്രക്രിയയുടെ തകരാറുമൂലം മഞ്ഞപ്പിത്തം ഉണ്ടാകുന്നു. പിത്തരസത്തിന് നിറം നല്‍കുന്ന ബിലിറൂബിന്‍ എന്ന ഘടകത്തിന്റെ 100 മി.ലി. രക്തത്തിലെ അളവ് സാധാരണ സമയങ്ങളില്‍ 0.2 മി.ലി മുതല്‍ 05 മി.ലി വരെയാണ്. ഇതില്‍ കൂടുതലായി ബിലിറൂബിന്‍ രക്തത്തില്‍ കലര്‍ന്നാല്‍ കണ്ണ്, ത്വക്ക്, നഖം എന്നീ ശരീരഭാഗങ്ങളിലും മൂത്രത്തിലും മഞ്ഞനിറം ഉണ്ടാകുന്നു.

ലക്ഷണങ്ങള്‍
- കണ്ണുകളില്‍ വെളുത്ത ഭാഗത്ത് (നേത്രാവരണം, conjunctiva) ആദ്യമായി മഞ്ഞനിറം കാണപ്പെടുന്നു.ഗുരുതരാവസ്ഥയില്‍ നഖങ്ങള്‍ക്കടിയിലും മഞ്ഞനിറം കാണപ്പെടാം. ശരിയായ ചികിത്സാനിര്‍ണ്ണയവും ചികിത്സയും ആദ്യഘട്ടത്തില്‍ തന്നെ ലഭിച്ചില്ല എങ്കില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനും രക്തത്തില്‍ ബിലിറുബിന്‍ 4 മില്ലീഗ്രാം മുതല്‍ 8 മില്ലീഗ്രാമോ അതില്‍ ക്കൂടുതലോ ഉണ്ടാകുന്നതിന് ഇടവരുത്തുകയും ചെയ്യും. ഇങ്ങനെ രക്തത്തില്‍ ബിലിറുബിന്റെ അളവ് കൂടുമ്പോള്‍ അത് മൂത്രത്തിലൂടെ പുറത്തുപോകാന്‍ തുടങ്ങുന്നു. അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലര്‍ന്ന നിറത്തിലോ കാണപ്പെടുന്നു]. ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകള്‍, ആഹാരത്തിന് രുചിയില്ലായ്മ, ഛര്‍ദ്ദി, കരളിന്റെ ഭാഗത്തു വേദന എന്നിവ അനുഭവപ്പെടുന്നു.

ചികിത്സകള്‍
- ആധുനിക വൈദ്യ ശാസത്രത്തില്‍ ഹെപ്പറ്റൈറ്റിസ് എ ക്ക് പ്രത്യേക മരുന്നുകള്‍ ഇല്ല. രോഗലക്ഷണങ്ങള്‍ക്കൊത്തു ചികിത്സിക്കുകയാണ് ചെയ്യുന്നത്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
- തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക
- കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക
- സെപ്ടിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്ന് ഉറപ്പുവരുത്തുക







Post a Comment

0 Comments

Top Post Ad

Below Post Ad