കാസര്‍കോട് (www.evisionnews.co): പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെയും സഹായിയെയും ആക്രമിച്ച് പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരായ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം ആരോപിച്ചു.
കഴിഞ്ഞ 24 ന് പുലര്‍ച്ചെയാണ് ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട എന്‍മകജെ മഞ്‌നടുക്ക ത്ത് പിക്കപ്പ് വാന്‍ തടഞ്ഞ് വെച്ച് ആറംഗ സംഘമാണ് അക്രമം നടത്തിയത്. സംഭവം നടന്നിട്ട് രണ്ടാഴ്ച്ചയായിട്ടും പ്രതികളെ പിടികൂടാന്‍ തയ്യാറാവാത്ത പോലീസ് ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിരിക്കുകയാണ്.
കേരളത്തിന് പുറത്ത് നിന്നുള്ള സംസ്ഥാന ങ്ങളില്‍നിന്നാണ് ഇത് വരെ പശുക്കടത്തിന്റെ പേരിലുള്ള അക്രമ സംഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ കാസര്‍കോട് ജില്ലയില്‍ ഇത്തരം അക്രമം നടന്നിട്ടും പ്രതികളെ പിടികൂടാനോ ശക്തമായ നടപടികള്‍ സ്വീകരിക്കാനോ തയ്യാറാവാത്തത് പോലീസിന്റെ സംഘപരിവാര്‍ ബന്ധത്തിന്റെ ഭാഗമായാണ്.
ഇക്കാര്യത്തില്‍ നിയമസഭയില്‍ കാസര്‍കോട് എം.എല്‍.എ എന്‍. എ നെല്ലിക്കുന്ന് അടിയന്തിര ചോദ്യം ചോദിച്ചിട്ട് മറുപടി നല്‍കാന്‍ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. ഈസംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന പോലീസ് നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷേഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കുന്ന് രിഫായി മസ്ജിദ് ഇമാമിനെ മുളക്‌പൊടി വിതറി ആക്രമിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതെ പോലിസ് ഇരുട്ടില്‍ തപ്പുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, യൂസുഫ് ഉളുവാര്‍, എം.എ നജീബ്, അസീസ് കളത്തൂര്‍ പ്രസംഗിച്ചു.

Post a Comment
0 Comments