Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ ഹരജി


കാസര്‍കോട്(www. evisionnews.co): ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ കുടക് ഹൊഡബയല്‍ സ്വദേശിനി എം.ഇ സൈദ, അഡ്വ. ഷുക്കൂര്‍ മുഖേന ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കി. നേരത്തെ ഈആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ യു.എ.പി.എയില്‍ സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കിയില്ല. ആവശ്യമാണെങ്കില്‍ ഹൈക്കോടതി വിചാരണ കോടതിക്ക് ഈവിഷയത്തില്‍ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഹരജി നല്‍കിയത്. അടുത്ത മാസം 14ന് പരിഗണിക്കും.
അതേസമയം റിയാസ് മൗലവിയുടെ കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം 14ലേക്ക് മാറ്റി. ബി.എസ്.എന്‍.എല്ലിന്റെ നോഡല്‍ ഓഫീസറും മറ്റൊരു ഉദ്യോഗസ്ഥനും ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് 14ലേക്ക് മാറ്റിയത്. കര്‍ണാടക കുടക് സ്വദേശിയും പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad