കാസര്‍കോട് (www.evisionnews.co): ദന്ത ചികിത്സക്കെത്തിയ യുവതിക്ക് മരുന്നു മാറിനല്‍കിയ സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും സംസ്ഥാന മനുഷ്യവാകാശ കമ്മീഷന് പരാതി നല്‍കി. കാസര്‍കോട്ടെ അരമന ഫാത്തിമ ആശുപത്രിയിലെ ഡെന്റല്‍ വിഭാഗത്തിലെ ദന്ത ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. ഫോര്‍ട്ട് റോഡ് ഷൈമ ഹെരിറ്റേജില്‍ താമസിക്കുന്ന സി. മുഹമ്മദ് ഷഫീഖാണ് പത്രസമ്മേളനത്തിലൂടെ ആശുപത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 26നാണ് ചികിത്സയ്ക്കായി തന്റെ ഭാര്യ ഹാജറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഷഫീഖ് പറയുന്നു. പല്ല് റൂട്ട് കനാല്‍ ചെയ്യാന്‍ അവിടുത്തെ ഡെന്റല്‍ സ്പെഷ്യലിസ്റ്റിനെ കാണുകയും അതിന്റെ മുന്നോടിയായി അനസ്തേഷ്യ നല്‍കുകയും ചെയ്തതോടെ ഹാജറ അസ്വസ്ഥയായി. തുടര്‍ന്ന് ഡെന്റല്‍ സ്പെഷ്യലിസ്റ്റ് ഡോ. മുഅ്മിന, ആശുപത്രി എം.ഡി ഡോ. സക്കറിയ്യ എന്നിവര്‍ പരിശോധിച്ചു. ഇതിനിടെയാണ് മരുന്ന് മാറിയതായി ബോധ്യപ്പെട്ടതെന്ന് ഷഫീഖ് പറഞ്ഞു.
ഉടന്‍ തന്നെ ഹാജറയെ ഡോക്ടര്‍മാര്‍ കാഷ്വാലിറ്റിയിലേക്ക് മാറ്റി. അവിടെ പരിശോധിച്ചത് ജനറല്‍ ഫിസീഷ്യനായിരുന്നു. ഭാര്യയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കാര്യങ്ങള്‍ ജനറല്‍ ഫിസീഷ്യനോട് അന്വേഷിക്കുന്നതിനിടയില്‍ മരുന്നുമാറി നല്‍കിയ ഡെന്റല്‍ സ്പെഷ്യലിസ്റ്റ് തന്റെ സംസാരം തടസപ്പെടുത്തിയതായി ഷഫീഖ് ആരോപിച്ചു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ തുടര്‍ ചികിത്സ നടത്താമെന്ന് സമ്മതിച്ച് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റി. അവിടെയുണ്ടായിരുന്ന മറ്റൊരു ഡെന്റല്‍ സര്‍ജനാണ് തുടര്‍ചികിത്സ നടത്തിയത്. ഇവര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ വീണ്ടും ഡെന്റല്‍ സ്പെഷ്യലിസ്റ്റും അവരുടെ ഭര്‍ത്താവായ ഡോ. പര്‍വേഷും തടയാന്‍ ശ്രമിച്ചതായും ഷഫീഖ് പറയുന്നു.
തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇനിയും പഴയ സ്ഥിതിയിലേക്ക് ഭാര്യ എത്തിയിട്ടില്ല. ഇതിന്റെ പേരില്‍ ഭാര്യയ്ക്കും തനിക്കും കുടുംബത്തിനുമുണ്ടായ ശാരീരിക- സാമ്പത്തിക പ്രശ്നത്തിന് പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഷഫീഖ് പരാതിയില്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് പത്രസമ്മേളനത്തില്‍ സംബസിച്ച ഷഫീഖിന്റ സുഹൃത്തുക്കളും നാട്ടുകാരുമായ ഷാഫി ചെങ്കള, മുനീര്‍ ചേരങ്കൈ, ഹബീബ് ചെട്ടുംകുഴി, അഹമ്മദ് ചെര്‍ക്കള, ഷരീഫ് മല്ലത്ത് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
മരുന്നുമാറിയതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ ആശുപത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. അഷ്‌റഫ് മുനിയൂര്‍ എന്നയാള്‍ തന്റെ പിതാവിന് നേരിട്ട ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് രംഗത്തെത്തി. തെറ്റായ ലാബ് റിപ്പോര്‍ട്ട് ഉണ്ടാക്കി ഐസിയുവില്‍ കിടത്തി നിലവഷളാണെന്ന് പറഞ്ഞ് ഭയപ്പെടുത്തിയതായി അഷ്‌റഫ് പറയുന്നു. രണ്ട് ദിവസം കിടത്തി ചികിത്സിച്ച് മൂന്നാം ദിവസം ആന്‍ജിയോഗ്രാം ചെയ്യണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ നിയമവഴി തേടാന്‍ ഒരുങ്ങുകയാണ് അഷ്‌റഫ്.

Post a Comment
0 Comments