കാസര്‍കോട് (www.evisionnews.co): കളിയും കിളികൊഞ്ചലും ചിണുങ്ങലുമായി അക്ഷരലോകത്തേക്കു പിച്ചവെച്ചക്കാനെത്തിയ കുരുന്നുകളെ പൊതുവിദ്യാലങ്ങള്‍ ആഘോഷമായി വരവേറ്റു. വര്‍ണക്കുടകളും ഊതിവീര്‍പ്പിച്ച ബലൂണുകളും അക്ഷരത്തിന്റെ പുതിയയിടം തേടിയെത്തിയ കുരുന്നുകളെ വലിയ ആശങ്കയിലാഴ്ത്തി. പലരുടെയും മുഖംവരണ്ടു. ചിലര്‍ കരഞ്ഞു. പിന്നീട് ലഡുവും ജിലേബിയുമൊക്കെയായി അധ്യാപകരും പി.ടി.എ ഭാരവാഹികളുമെല്ലാം വരവേറ്റപ്പോള്‍ ആശങ്കയോടെ നിന്നിരുന്ന പലരുടേയും മുഖം തെളിഞ്ഞു. കണ്ണുനീര്‍ തുടച്ചവര്‍ പുതിയ കൂട്ടുതേടി. ഇനിയവര്‍ അക്ഷരങ്ങളുടെ മുറ്റത്ത് കൂട്ടുകൂടും.
ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പ്രവേശനനോത്സവത്തിലൂടെ ഒരുമിച്ചാണ് വേനലവധിക്കുശേഷം തുറന്നത്. ജില്ലാതല പ്രവേശനനോത്സവം നടന്ന ബന്തടുക്ക ജിഎച്ച്എസ്എസില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ വര്‍ണ്ണങ്ങളിലുള്ള പുത്തന്‍ ഉടുപ്പുകള്‍ ധരിച്ചെത്തിയ കുരുന്നുകളെ ബന്തടുക്ക പെട്രോള്‍ പമ്പ് പരിസരത്തു നിന്ന് ഘോഷയാത്രയുടെ അകമ്പടിയോടെയാണു സ്‌കൂളിലേക്ക് ആനയിച്ചത്. 36 വിദ്യാര്‍ത്ഥികളാണ് ഇവിടെ ഒന്നാംതരത്തില്‍ പ്രവേശനം നേടിയത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടവും എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. നാരായണന്‍ പഠനോപകരണം വിതരണം ചെയ്തു. കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗോപിനാഥന്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.ആര്‍ രഞ്ജിനി, ധര്‍മാവതി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. നന്ദികേശന്‍, പൊതുവിദ്യാഭ്യാസ യജ്ഞം വിദ്യാഭ്യാസ വിദഗ്ദന്‍ ഡോ. രതീഷ് കാളയാടന്‍ സംസാരിച്ചു.
മഞ്ചേശ്വരം ഉപജില്ലാ പ്രവേശനോത്സവം പെര്‍മുദെ ബിടിസിഎല്‍പിഎസില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കുമ്പള ഉപജില്ലയുടെത് കുമ്പള ജിഎല്‍പിഎസില്‍ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ഡരീകാക്ഷയും ബേക്കല്‍ ഉപജില്ല പ്രവേശനോത്സവം തിരുവക്കോളി ജിഎല്‍പിഎസില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരിയും ഉദ്ഘാടനം ചെയ്തു.
Post a Comment
0 Comments