കാസര്‍കോട് (www.evisionnews.co): പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി യു.ഡി.എഫ് നേതൃത്വം സ്വരൂപിച്ച ധനസഹായം ജൂണ്‍ 12ന് വിതരണം ചെയ്യുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നുമണിക്ക് കല്ല്യോട്ട് നടക്കുന്ന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് തുക ഇരുവരുടെയും കുടുംബത്തിന് കൈമാറുക.
യു.ഡി.എഫ് സംസ്ഥാന- ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് രണ്ടിന് ജില്ലയിലെ 41 കേന്ദ്രങ്ങളിലായി നടത്തിയ ബക്കറ്റ് പിരിവിലൂടെ സ്വരൂപിച്ച 64,14,191 രൂപയാണ് ഇരുവരുടെയും കുടുംബത്തിന് ഓഹരിവെച്ച് നല്‍കുന്നത്. കെ.പി.സി.സി അനുവദിച്ച പത്തുലക്ഷം ഉള്‍പ്പടെ വിവിധ സംഘടനകളുടെ സഹായമായി ലഭിച്ച 37,10,000 രൂപ ശരത്ലാലിന്റെയും 37,65,000 രൂപ കൃപേഷിന്റെയും കുടുംബത്തിന്റെ പേരുകളിലായി പെരിയ സര്‍വീസ് സഹകരണ ബാങ്കിന്റെ കല്ല്യോട്ട് ശാഖയില്‍ തുടങ്ങിയ അക്കൗണ്ടിലെത്തിയിട്ടുണ്ട്. കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡന്‍ എം.എല്‍.എ തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ദിവസത്തിനുള്ളില്‍ വീടു നിര്‍മിച്ച് നല്‍കുകയും തെരഞ്ഞെടുപ്പിന് മുമ്പന് തന്നെ ഗൃഹപ്രവേശനം നടത്തുകയും ചെയ്തിരുന്നു. ഇരുവരുടെയും സഹോദരിമാരുടെ വിവാഹ ചെലവുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ഏറ്റെടുത്തിരുന്നു. പുറമെ വിദ്യാഭ്യാസ ചെലവുകള്‍ കോഴ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പേ കെ.എസ്.യു സംസ്ഥാന കമ്മിറ്റി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കല്യോട്ട് സ്മാരകം പണിയാനും തീരുമാനമുണ്ട്. ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക.
എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ സഹായം നല്‍കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ ഒഴിവാക്കുകയായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു. കോഴിക്കോട് ഡി.സി.സി സ്വരൂപിച്ച പണം ഉടന്‍ നല്‍കും. തെരഞ്ഞെടുപ്പ് ഫണ്ട് കൈമാറുന്ന ചടങ്ങില്‍ യു.ഡി.എഫ് സംസ്ഥാന- ജില്ലാ നേതാക്കള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഹക്കീം കുന്നിലിന് പുറമെ എ. ഗോവിന്ദന്‍ നായര്‍ പെരിയ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍, ഹരീഷ് ബി. നമ്പ്യാര്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, എബ്രാഹം തോണക്കര എന്നിവര്‍ പങ്കെടുത്തു.

Post a Comment
0 Comments