Type Here to Get Search Results !

Bottom Ad

ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാസര്‍കോട് ജില്ലക്ക് ഒരു 'കലക്ടറെ' വേണം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): അതിരൂക്ഷമായ കുടിവെള്ള ക്ഷാമമടക്കമുള്ള ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജില്ലാ ഭരണകൂടത്തിന് നിഷ്പക്ഷമായി നേതൃത്വം നല്‍കുന്നതിനും കാസര്‍കോട്ട് ഒരു കലക്ടറെ നിയമിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരോട് ആവശ്യപ്പെട്ടു.

നിലവിലുള്ള കലക്ടര്‍ വില്ലേജ് ഓഫീസറുടെയും ട്രാഫിക് പൊലീസുകാരന്റെയും ജോലിയും സി.പി.എമ്മിന്റെ ദല്ലാള്‍ പണിയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും വികസനങ്ങളും ജനങ്ങളുടെ ദുരിതങ്ങളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനും പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കാനും പ്രാപ്തിയും കഴിവുമുള്ള നേരിട്ട് ഐ.എ.എസ് എടുത്ത കലക്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. തന്റെ കാറിനെ ഓവര്‍ടേക് ചെയ്യുന്ന വാഹനങ്ങളെ നേരിട്ട് പിടികൂടി പൊലീസിനെ ഏല്‍പിക്കുകയും സി.പി.എം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴിയെന്ന പേരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൂഴി മോഷണ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്ന നിലവിലെ കലക്ടര്‍ സി.പി.എം നേതാക്കളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അനധികൃത കടവുകള്‍ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ തയാറാവുന്നില്ല. 

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തോല്‍പിക്കാന്‍ സി.പി.എമ്മിനെക്കാള്‍ ശ്രമം നടത്തിയത് ജില്ലാ കലക്ടറായിരുന്നു. ജില്ലയുടെ ചരിത്രത്തില്‍ ഇതു പോലെ പക്ഷപാതിത്വം കാണിക്കുന്ന മറ്റൊരു കലക്ടറുണ്ടായിരുന്നില്ല. കാസര്‍കോട്ടെ ഗതാഗതക്കുരുക്കും ദേശീയപാത വികസനവും മെഡിക്കല്‍ കോളജ് നിര്‍മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ചുവപ്പു നാടയില്‍ കുടുങ്ങി കിടക്കുകയാണ്. ഇതൊന്നും ശ്രദ്ധിക്കാനോ തടസങ്ങള്‍ നീക്കാനോ കലക്ടര്‍ക്ക് സമയമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയും ജനപ്രതിനിധികളെ അവഹേളിച്ചും അധികാര ഗര്‍വ് കാണിക്കാനാണ് കലക്ടര്‍ ശ്രമിക്കുന്നത്. ഇതവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad