(www.evisionnews.co) ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന കാര്യത്തില്‍ ഇറാനെ പൂര്‍ണമായി ഉപരോധിക്കാനുളള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. മെയ് രണ്ട് മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി പൂര്‍ണ്ണമായി ഉപരോധിക്കാനാണ് അമേരിക്കയുടെ പദ്ധതി. ഇന്ത്യയും ചൈനയും അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് ക്രൂഡ് വാങ്ങുന്നതിനു യു എസ് നല്‍കിയിരുന്ന ഇളവുകള്‍ മെയ് ഒന്നിന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ഇളവ് നീട്ടി നല്‍കണമെന്ന ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ ആവശ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പോലും അമേരിക്ക തയ്യാറായില്ല.
നേരത്തെ 2018 നവംബര്‍ വരെയാണ് ഇളവ് അനുവദിച്ചിരുന്നത്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് ഇത് മെയ് ഒന്ന് വരെ നീട്ടുകയായിരുന്നു. ഇന്ത്യ ഇറക്കുമതി ആവശ്യത്തിന്റെ 10 ശതമാനത്തോളം ഇറാനില്‍ നിന്നാണ് കൊണ്ട് വരുന്നത്. ഇന്ത്യയ്ക്കും ചൈനക്കും പുറമെ ദക്ഷിണ കൊറിയ, തായ്വാന്‍, ജപ്പാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത്. ഇറാന്‍ ഭീകരസംഘടനകളെ പിന്തുണക്കുന്നുവെന്ന ന്യായം പറഞ്ഞാണ് അമേരിക്കയുടെ ഉപരോധ നീക്കം.
ഈ വാര്‍ത്ത പുറത്തു വന്നതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ബാരലിന് 73.82 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. ഇന്ത്യയും അമേരിക്കയും തമ്മില്‍ അടുത്ത് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നറിയുന്നു. ഇറാന്‍ എണ്ണയുടെ അഭാവം ലോക വിപണിയില്‍ എണ്ണവില ഉയര്‍ത്തുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി ഉയരാനിടയാക്കും.

Post a Comment
0 Comments