കാസര്‍കോട് (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പിന് കാസര്‍കോട് മണ്ഡലത്തിലെ പൗരന്മാര്‍ വിധിയെഴുതിയ വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും പടന്നക്കാട് നെഹ്റു കോളജിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഏഴ് നിയോജക മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രസാമഗ്രികള്‍ 15 സ്ട്രോങ് റൂമുകളിലേക്ക് മാറ്റിയത്. കാസര്‍കോട് ഗവ. കോളജിലും പടന്നക്കാട് നെഹ്റു കോളജിലും എത്തിച്ച വോട്ടിംഗ് സാമഗ്രികളാണ് നെഹ്റു കോളജിലെ സ്‌ട്രോംഗ് റൂമില്‍ എത്തിച്ചത്.
കാസര്‍കോട് ഗവ. കോളേജില്‍ നിന്നുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ കനത്ത പൊലീസ് സുരക്ഷയോടെയാണ് നെഹ്‌റു കോളജിലെത്തിച്ചത്. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു, മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ എസ് ഗണേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി.പി അബ്ദു റഹ്മാന്‍, ഏഴ് നിയമസഭാ മണ്ഡലളിലേയും ഉപവരണാധികാരികളായ സബ് കലക്ടര്‍ അരുണ്‍ കെ വിജയന്‍, കാസര്‍കോട് ആര്‍ഡിഒ അബ്ദു സമദ് പി.എ, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എസ്.എല്‍ സജികുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) നളിനി മാവില, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) പി.ആര്‍ രാധിക, കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി.ജി ഹരികുമാര്‍, കണ്ണൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുതുകണ്ടി, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടിങ് സാമഗ്രികള്‍ സീല്‍ ചെയ്ത് സ്ട്രോങ് റൂമില്‍ സൂക്ഷിച്ചത്. കേന്ദ്രസേന, സംസ്ഥാന പൊലീസ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരടങ്ങുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണല്‍ ദിനമായ മേയ് 23വരെ ജനവിധിയെഴുതിയ യന്ത്രങ്ങള്‍ സ്ട്രോങ് റൂം അതീവ സുരക്ഷയിലായിരിക്കും.
Post a Comment
0 Comments